ന്യൂഡൽഹി: വാഹനത്തിന്റെ ലോണ്‍ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കിൽനിന്ന് വായ്പ നൽകിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതൽ ഓണ്‍ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട് ഓഫീസ് മുഖേന നേരിട്ടുചെന്ന് നടത്തിയിരുന്ന രീതിയാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റിയത്.
ഒരു ദേശസാൽകൃത ബാങ്കിനെയും അഞ്ച് ബാങ്കിംഗ് ഇതര ധനകാര്യ കന്പനികളെയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്താനാണ് നീക്കം. ആർബിഎയുടെ യൂണിഫൈഡ് ലെൻഡിംഗ്
ഇന്റർഫേസ് (യുഎൽഎ) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനത്തിന്റെ വായ്പ അടച്ചുതീർത്തശേഷം ആർസി ഉൾപ്പെടെയുള്ള വാഹന രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കൃത്യമായ രീതിയിൽ വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ രീതി നടപ്പാക്കുന്നത്.
സാധാരണ ലോണ്‍ എടുത്ത് വാഹനം സ്വന്തമാക്കുന്പോൾ ലോണ്‍ നൽകിയ സ്ഥാപനത്തിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.
എന്നാൽ, ലോണ്‍ പൂർണമായും അടച്ച് തീർത്ത ശേഷവും വാഹനത്തിന്റെ രേഖയിൽ നിന്നും ആ പേര് നീക്കം ചെയ്യാറില്ല. വാഹനം വിൽപ്പനയ്ക്കും മറ്റും ചെല്ലുന്പോഴായിരിക്കും ഇത്തരമൊരു കാര്യം ഉടമയുടെ ശ്രദ്ധയിൽ പെടുന്നത്. ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാണ് പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.

This was very well laid out and easy to follow.