പൊൻകുന്നം : രാവിലെ എട്ടുമണിയോടെ പൊൻകുന്നം ടൗണിൽ, ബസ് സ്റ്റാൻഡിന് മുൻപിൽ, സീബ്രാ ക്രോസ്സിങ്ങിലൂടെ റോഡ് മുറിച്ചുകടന്ന കാൽനട യാത്രക്കാരനെ പാഞ്ഞുവന്ന ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും , തുടർന്ന് അവിടെ നിന്നും അടിയന്തിരമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പൊൻകുന്നം ടൗണിൽ ലോട്ടറി കച്ചവടം നടത്തുന്ന തമിഴ്നാട് -തേനി പളനിചെട്ടിപട്ടി സ്വദേശിയായ മുരുകദാസ് ശങ്കര പാണ്ടിയൻ ( മുരുകൻ 67) ആണ് ദാരുണമായി മരണപ്പെട്ടത് .
മുരുകൻ സീബ്രാ ക്രോസ്സിങ്ങിലൂടെ റോഡ് മുറിച്ചുകടക്കവേ, പാഞ്ഞുവന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു . കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിന്നും പോയ കാഞ്ഞിരപ്പള്ളി ദയ ആംബുലൻസാണ് ഇടിച്ചത് . റോഡിന്റെ പകുതിയോളം കടന്ന മുരുകൻ, ആംബുലൻസ് പാഞ്ഞുവരുന്നത് കണ്ട്, പുറകോട്ട് മാറുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . ഇടിയുടെ ശ്കതിയിൽ മുരുകൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
