പത്തനംതിട്ട :ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറലിസം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ഫെഡറലിസത്തിന്റെ കാതല്‍. ധന ഫെഡറലിസവും ഫെഡറല്‍ തത്ത്വങ്ങളും കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് നീതിയും അവസരസമത്വവും ഉറപ്പാക്കണം. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ഒരാളുടെയും ഔദ്യാര്യമല്ല. ഇന്ത്യ എന്ന മഹാരാജ്യം നാനാത്വങ്ങളുടെ വൈവിധ്യമാണ്. പല ഭാഷകള്‍, സംസ്കാരങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, രുചികള്‍, കലകള്‍ ചേര്‍ന്നതാണ് ഇന്ത്യ. ഈ നാനാത്വങ്ങളാണ് ഇന്ത്യയെ മഹാരാജ്യമാക്കുന്നത്. നാനാത്വത്തിന്റെ സംരക്ഷണം ഭരണഘടന വിഭാവനം ചെയ്യുന്നു. ബഹുസ്വരത സംരക്ഷിക്കേണ്ടത് ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വത്തമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നവരെയും അഖണ്ഡതയും ഐക്യവും കാത്തുസംരക്ഷിക്കുന്നതിന് ഓരോ കാലഘട്ടത്തിലും പോരാട്ടം നയിച്ചവരെയും ഓര്‍ക്കാം. അതിര്‍ത്തി കാക്കുന്ന സൈനികരെയും വീരമൃത്യുവരിച്ചവരെയും വിവിധ സേനാ വിഭാഗങ്ങളെയും ആദരിക്കാനും ഈ അവസരം വിനിയോഗിക്കാം.ഒരേ ലക്ഷ്യത്തിനായി തീവ്രമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അതിദാരിദ്ര്യമുക്ത കേരളം. സൂക്ഷ്മ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനവും സര്‍വേയും നടത്തി കേരളം രാജ്യത്തെ ആദ്യ അതിദാരിദ്യമുക്ത സംസ്ഥാനമായി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലടക്കം സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചു. അമേരിക്കന്‍ ഐക്യനാടുകള്‍ പോലുള്ള വികസിത രാജ്യങ്ങളേക്കാള്‍ കുറവാണ് സംസ്ഥാനത്തെ ശിശുമരണ നിരക്ക്. കേരളത്തിന്റെ ശിശുമരണ നിരക്ക് 5 ആണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. അമേരിക്കന്‍ ഐക്യനാടിന്റേത് 5.6 ആണ്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ഈ കൂട്ടായ്മ തുടര്‍ന്നും മുന്നോട്ട് പോകണം. അടിസ്ഥാന സൗകര്യവികസന മേഖലയില്‍ പത്തനംതിട്ട ജില്ല വലിയ മുന്നേറ്റം കൈവരിച്ചു. റോഡുകള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, ആശുപത്രികള്‍ എല്ലാം വികസന പാതയിലായി. ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പുതിയ കാലഘട്ടത്തിന്റെ നിര്‍മാണം സാധ്യമാക്കി. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സഹോദരങ്ങളെയും ഈ അവസരത്തില്‍ ഓര്‍ക്കാം. റിപ്പബ്ലിക്ക്ദിന പരേഡില്‍ നമ്മോടൊപ്പം ചേര്‍ന്ന കുട്ടികള്‍ നാളെയുടെ പ്രതീക്ഷയാണ്. രാജ്യം എങ്ങനെ മുന്നോട് പോകണം എന്ന് നിര്‍ണയിക്കുന്നത് അവരാണ്. സ്വപ്നങ്ങള്‍ക്ക് വേണ്ടി മുന്നേറുവാനും പ്രയത്നിക്കാനും കുട്ടികള്‍ക്കാകട്ടെ എന്നും മന്ത്രി ആശംസിച്ചു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ്, പത്തനംതിട്ട നഗരസഭ അധ്യക്ഷ സിന്ധു അനില്‍, എഡിഎം ബി ജ്യോതി, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍, ഗാന്ധിയന്മാര്, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
