വടകര: റെഡിമെയ്ഡ് കടയിലെ ഡ്രസിങ് റൂമിലകപ്പെട്ട മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകരയിലെ എസ്പാൻഷെ ഷോറൂമിൽ ഞായറാഴ്ച രാത്രി ഒൻപതിനാണ് സംഭവം.
ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപ്പെടുകയായിരുന്നു. വാതിൽ തുറക്കാനും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. റെസ്‌ക്യൂ ഓഫീസർ ആർ. ദീപകിന്റെ നേതൃത്വത്തിലെത്തിയ സേന ഡോർ ബ്രേക്കിങ് സംവിധാനമുപയോഗിച്ച് വാതിൽ തകർത്ത് കുട്ടിയെ രക്ഷിച്ചു.
റെസ്‌ക്യൂ ഓഫീസർമാരായ കെ. സന്തോഷ്, എം.എം. റിജീഷ്‌കുമാർ, സി.കെ. അർജുൻ, പി.എം. ഷഹീർ, പി.എം. ബബീഷ്, ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.