ബുക്ക് ചെയ്ത് 24 മണിക്കൂറിനകം പാചക വാതകം; നടപടിക്ക് കേന്ദ്രം

ന്യൂഡൽഹി : ബുക്ക് ​ചെയ്ത് പണമടച്ചിട്ടും പാചക വാതകത്തിന് വേണ്ടി നിരവധി ദിവസങ്ങൾ കാത്തിരുന്ന കാലം അവസാനിക്കുന്നു. പാചക വാതക വിതരണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതി തയാറാക്കി. ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ എൽ.പി.ജി സിലിണ്ടർ ലഭിക്കുന്നതിനുള്ള പദ്ധതിയാണ് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് തയാറാക്കിയത്. ഉപഭോക്താക്കളുടെ പരാതികൾ കുന്നുകൂടി​യതോടെയാണ് നടപടി സ്വീകരിക്കുന്നത്.ബുക്ക് ചെയ്ത് 24 മണിക്കൂറിനകം സിലിണ്ടർ വിതരണം ചെയ്യാൻ ഒരു കമ്പനിയുടെ ഏജൻസിക്ക് കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്ത മറ്റേതെങ്കിലും കമ്പനിയുടെ വിതരണക്കാരിൽനിന്ന് പാചക വാതകം വാങ്ങാം. ഇതാദ്യമായാണ് ഉപഭോക്താക്കൾക്ക് വ്യത്യസ്ത കമ്പനികളുടെ എൽ.പി.ജി സിലിണ്ടർ വാങ്ങാനുള്ള അവസരം ലഭിക്കുന്നത്. പൊതുമേഖല കമ്പനികളുടെ സേവനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മൂന്ന് വ്യത്യസ്ത വിതരണ ശൃംഖലകൾ ദേശീയ ഏകീകൃത എൽ.പി.ജി സംവിധാനമായി മാറുമെന്ന് റെഗുലേറ്ററി ബോർഡ് വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ സിലിണ്ടർ വിതരണം ചെയ്യണമെന്നാണ് ചട്ടം. എൽ.പി.ജി ഇന്റർഓപറബിൾ സർവിസ് ഡെലിവറി രൂപരേഖ പ്രകാരം ഈ സമയപരിധി 24 മണിക്കൂറായി കുറയും. ഇന്ത്യയിൽ 32.94 എൽ.പി.ജി കണക്ഷനാണുള്ളത്. ഇതിൽ 88 ശതമാനവും വിതരണം ചെയ്യുന്നത് പൊതുമേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളാണ്. ഇവർക്ക് മൊത്തം 25,566 വിതരണക്കാരുമാണ് രാജ്യത്തുള്ളത്.

ഉപഭോക്താക്കളിൽനിന്ന് ഓരോ വർഷവും 17 ലക്ഷം പരാതികളാണ് കമ്പനികൾക്ക് ലഭിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!