മണർകാട് : എട്ടുനോമ്പുദിനങ്ങളിൽ ഭജനമിരുന്നു പ്രാർഥിക്കുന്നതിനു നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലേക്ക് എത്തിത്തുടങ്ങി. വിശ്വാസികൾക്കായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ 7 വരെ നേർച്ചക്കഞ്ഞി വിതരണം പെരുമ്പള്ളിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് പാരിഷ് ഹാളിൽ നടക്കും. 17,500 കിലോഗ്രാം അരിയുടെ കഞ്ഞിയാണ് നൽകുക.
പാരിഷ് ഹാളിനു സമീപമുള്ള താൽക്കാലിക ബസ് സ്റ്റാൻഡിൽനിന്നു വിവിധ ജില്ലകളിലേക്കു ബസ് സൗകര്യവും കത്തീഡ്രലിന്റെ ഇരുവശങ്ങളിലുമുള്ള മൈതാനത്തും ഐടിഐ, കോളജ് ഗ്രൗണ്ടുകളിൽ പാർക്കിങ്ങും ഒരുക്കിയിട്ടുണ്ട്. പണം, ആഭരണങ്ങൾ, ബാഗുകൾ എന്നിവ സൂക്ഷിക്കുന്നതിനു പള്ളിമേടയുടെ ഒന്നാം നിലയിൽ സേഫ് കസ്റ്റഡിവിഭാഗം പ്രവർത്തിക്കും. പൊലീസ് എയ്ഡ്പോസ്റ്റ്, ആംബുലൻസ് സർവീസ് എന്നിവയും പെരുന്നാൾ ദിവസങ്ങളിൽ പ്രവർത്തിക്കും. സെന്റ് മേരീസ് ആശുപത്രി, ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ കൗണ്ടറിലും അടിയന്തര ചികിത്സയ്ക്കു സൗകര്യമുണ്ട്.