ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഇന്നുമുതല്‍

ലീഡ്സ് :  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സംഘവും ഹെഡിങ്ലിയിലെ പിച്ചിലേക്കിറങ്ങുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.30-നാണ് മത്സരം.ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ യുവതലമുറയുടെ മാറ്റുരയ്ക്കാനുള്ള പരീക്ഷണം തുടങ്ങുന്നു.
സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റ ആദ്യ അങ്കംകൂടിയാണിത്. ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സീസണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യമത്സരംകൂടിയാണിത്.
ഓപ്പണിങ്ങില്‍ ജയ്സ്വാളിനൊപ്പം സായ് സുദര്‍ശന്‍ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങും. മറുനാടന്‍ മലയാളി താരം കരുണ്‍ നായരാകും മൂന്നാംനമ്പറില്‍ കളിക്കുന്നത്. ഗില്‍ നാലാം നമ്പറില്‍ കളിക്കുമെന്ന് കഴിഞ്ഞദിവസം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പന്തും കെ.എല്‍. രാഹുലും കളിക്കും. ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ശാര്‍ദൂല്‍ ഠാക്കൂറുമാകും ഇടംപിടിക്കുന്നത്.ബൗളിങ്ങില്‍ പേസര്‍ ജസ്പ്രീത് ബുംറ ചുക്കാന്‍പിടിക്കും. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമില്‍ ഉള്‍പ്പെട്ടേക്കും. ജഡേജ മാത്രമാകും ടീമിലെ സ്പിന്നര്‍.
ഹെഡിങ്ലിയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാണ് ചരിത്രം. എന്നാല്‍, ഇത്തവണ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ ഗുണംലഭിക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ചീഫ് ക്യൂറേറ്റര്‍ റിച്ചാര്‍ഡ് റോബിന്‍സണ്‍ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!