ശബരിമല വിമാനത്താവളം :ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാർ ഓഫിസ് തുറക്കും

കാഞ്ഞിരപ്പള്ളി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ റവന്യു വകുപ്പ്‌ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ് തുറക്കാൻ തീരുമാനമായി. നിർമാണ നടപടികൾ ഏകോപിപ്പിക്കാൻ കാഞ്ഞിരപ്പള്ളിയിലോ എരുമേലിയിലോ ഓഫീസ് തുറന്ന് സ്പെഷൽ തഹസിൽദാരെ നിയമിക്കും. വ്യക്തികളിൽനിന്നുൾപ്പെടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ അതിരും അളവും നിശ്ചയിക്കാൻ ജൂണിൽ റീസർവേ തുടങ്ങും. ഇതിനായി അറുപതോളം ജീവനക്കാരെയാണ് റവന്യു വകുപ്പ് ആവശ്യപ്പെട്ടത്. പദ്ധതിയുടെ ഭാഗമായി മുമ്പ്‌ അതിരുകൾ നിശ്ചയിച്ചുള്ള പ്രഥമിക സർവെ പൂർത്തിയായി. നഷ്ടപരിഹാരം നിശ്ചയിച്ച സ്ഥലം ഏറ്റെടുക്കൽ ഡിസംബറിന്‌ മുമ്പ്‌ പൂർത്തിയാക്കാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിസ്‌തീർണം, വസ്‌തു ഉടമകളുടെ പേര്, വിലാസം എന്നിവ നിലവിൽ സംസ്ഥാന ഗസറ്റിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകുക. കൃഷിയിടം, തരിശിടം, വീട്, മരങ്ങൾ എന്നിവയുടെ ഇനം തിരിച്ചാണു വില നിശ്ചയിക്കുക. റോഡുള്ളതും ഇല്ലാത്തുമായ സ്ഥലങ്ങൾക്കും വിലയിൽ വ്യത്യാസമുണ്ടാകും. തർക്കങ്ങൾ പരിഹരിക്കാൻ റവന്യു, പൊതുമരാമത്ത് വകുപ്പുകൾ ഹിയറിങ്‌ നടത്തിയ ശേഷമായിരിക്കും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുക. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ പുനരധിവാസവും നഷ്ടപരിഹാരവും ഉൾപ്പെടെ പ്രത്യേക പാക്കേജ് നിശ്ചയിക്കും. നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് സംസ്ഥാന ഭരണാനുമതിക്ക്‌ പിന്നാലെ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നത്. ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഉൾപ്പെടെ 2,570 ഏക്കറാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിശദമായ വിവരങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ഓഫീസ് വില്ലേജ് ഓഫീസുകൾ, ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് കാണാൻ സംവിധാനമുണ്ടാകും. സബ് കോടതിയിൽ സർക്കാരുമായുള്ള എസ്റ്റേറ്റ് സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം തീർപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!