മുക്കൂട്ടുതറ/മുട്ടപ്പള്ളി: മുക്കൂട്ടുതറ അസ്സീസി ഹോസ്പിറ്റലിൻ്റെയും മുട്ടപ്പള്ളി പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 9 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5.30 വരെ മുട്ടപ്പള്ളി തിരുവള്ളുവർ ഹൈസ്കൂളിൽ നടത്തിയ ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
അസ്സീസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസ്സോസിയേറ്റ് ഡയറക്ടർ ഫാ. ജിൻസൺ ജോർജ്ജ്, മുട്ടപ്പള്ളി പബ്ലിക് ലൈബ്രറി സെക്രട്ടറി പി.പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ മറിയാമ്മ മാത്തുക്കുട്ടി ആശംസകൾ അറിയിച്ചു. പ്രൊപ്പോസ് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു ബ്രിട്ടോ, ലൈബ്രറി കമ്മറ്റി അംഗങ്ങളായ രാജീവ് ഗാന്ധി, മണിയമ്മ പ്രസാദ്, രജനി രാഹുൽ എന്നിവരും ആശാ വർക്കർമാരും കുടുംബശ്രീ അംഗങ്ങളും സന്നിഹിതരായിരുന്നു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി, ഇഎൻടി, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ പ്രമേഹ പരിശോധന, ഞരമ്പുകളുടെയും അസ്ഥികളുടെയും രോഗനിർണ്ണയം, തൈറോയ്ഡ് ഗ്രന്ഥിയുടെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനം വിലയിരുത്തുന്ന ടെസ്റ്റുകൾ എന്നിവയും ക്യാമ്പിൽ ലഭ്യമായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ ഡോക്ടർ ഫീസോടെയുള്ള തുടർചികിത്സയും ലാബ് ടെസ്റ്റുകൾ, ഇസിജി, എക്സ്റേ എന്നിവയ്ക്കും മരുന്നുകൾക്കും 20% ഡിസ്കൗണ്ടും അനുവദിച്ചിട്ടുണ്ട്.
വിജയപുരം രൂപതയ്ക്കു കീഴിൽ 1987ൽ സ്ഥാപിതമായ അസ്സീസി ഹോസ്പിറ്റലിൽ ഇപ്പോൾ 10 വിഭാഗങ്ങളിലായി പ്രഗത്ഭരായ 14 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, കാർഡിയോളജി, ഓർത്തോപീഡിക്സ്, സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, പീഡിയാട്രിക്സ്, ENT എന്നീ വിഭാഗങ്ങൾ കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നുണ്ട്. ഡീ-അഡിക്ഷൻ, പാലിയേറ്റീവ് കെയർ തുടങ്ങിയ അനുബന്ധ വിഭാഗങ്ങളും ഐസിയു, ഓപ്പറേഷൻ തീയറ്റർ, മോർച്ചറി, ആംബുലൻസ് സംവിധാനങ്ങളും എക്സ്റേ, ഇസിജി, ലാബ്, ഫാർമസി സൗകര്യങ്ങളും 24 മണിക്കൂറും ലഭ്യമാണ് എന്ന് ഡയറക്ടർ അറിയിച്ചു.
Super a new information