71-ാം നാൾ അർജുൻ ഓടിച്ച ലോറി കണ്ടെത്തി; ക്യാബിനിനുള്ളിൽ മൃതദേഹം

അങ്കോള : ഉത്തര കന്നഡയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹമുണ്ട്. കാണാതായി 71-ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡി.എൻ.എ പരിശോധന നടത്തേണ്ടിവരും. നേരത്തെ അർജുന്‍റെ സഹോരനിൽനിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു. ലോറി കരയിലേക്ക് അടുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

തുടർച്ചയായി നടന്നുവന്ന തിരച്ചിലിന്റെ മൂന്നാംഘട്ടത്തിലാണ് ലോറി കണ്ടെത്തിയത്. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിൽ മണ്ണ് മാറ്റിയാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെട്ട ഭാഗം കണ്ടെത്തിയത്. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി ക്രെയിനിൽ ബന്ധിപ്പിച്ച് ലോറി മുകളിലേക്ക് ഉയർത്തുകയായിരുന്നു. നേരത്തെ മുങ്ങൽ വിദഗ്ധരും നേവിയും ഉൾപ്പെടെ തിരച്ചിലിന് എത്തിയിരുന്നെങ്കിലും ലോറി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ലോറി കണ്ടെത്തിയതോടെ എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്. അർജുൻ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്നും ജിതിൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂലൈ 16നാണ് അർജുനെ കാണാതായത്. ബെലഗാവിയിലെ ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്. ഷിരൂരിലെ മണ്ണിടിച്ചിൽ സമയത്ത് അർജുൻ അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ തുടക്കത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് എത്തിയപ്പോൾ അർജുൻ വിളിച്ച ഫോൺ കോൾ ഉൾപ്പെടെ പിന്നീട് ഇതിനുള്ള സാധ്യത തെളിയുകയായിരുന്നു. തുടക്കത്തിൽ ദേശീയപാതയോട് ചേർന്ന ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിൽ ലോറി കണ്ടെത്താനാകാതെ വന്നതോടെയാണ് ഗംഗാവലി നദി കേന്ദ്രീകരിച്ച് ദൗത്യം തുടർന്നത്.

error: Content is protected !!