നിപ ; 10 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് , സമ്പർക്ക പട്ടികയിൽ 266 പേർ

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയിൽ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ അഞ്ച് പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്.വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആകെ 266 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 176 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കന്ററി കോൺടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി 2 പേർ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഇവർ അടക്കം 6 പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 21 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് 11 പേർ ഉൾപ്പെടെ 226 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി. ഫീൽഡ് സർവേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളിൽ ഇന്ന് സർവെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സർവേ പൂർത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആകെ 175 പനി കേസുകൾ സർവേയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

error: Content is protected !!