മ്ലാമല: മനുഷ്യസ്നേഹികളായ വ്യക്തികൾ ജഡ്ജിമാരാകുന്പോൾ അത് നിയമസംവിധാനത്തിന്റെ വിജയമായി മാറുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. മ്ലാമല ഫാത്തിമ മാതാ സ്കൂളിൽ, ശാന്തിപ്പാലം യാഥാർഥ്യമാക്കാൻ ഇടപെട്ട ജഡ്ജിമാർക്കും മറ്റും നൽകിയ സ്വീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.കേവലം കുറ്റകൃത്യങ്ങളിൽ തീർപ്പു കൽപ്പിക്കുക മാത്രമല്ല ഒരു നാടിനെ സമുദ്ധരിക്കാനും ചേർത്തുപിടിക്കാനും നീതിന്യായ കോടതികൾക്കു സാധിക്കും എന്നതിന്റെ മനോഹരമായ തെളിവാണ് മ്ലാമലക്കുണ്ടായ ഈ മഹാഭാഗ്യം.ദേവാലയത്തിലെ ആധ്യാത്മിക കാര്യങ്ങൾ മാത്രമല്ല, ഒരു നാടിന്റെ പുരോഗതി അത് മത വ്യത്യാസങ്ങൾക്കതീതമായി സാംസ്കാരിക മേഖലകളിൽ എങ്ങനെയൊക്കെ ഒരു നാടിനെ സന്പന്നമാക്കാൻ പറ്റും എന്നുകൂടിയുള്ള ഉത്തരവാദിത്തങ്ങൾ വൈദികർ നിർവഹിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്ഷരങ്ങൾ അഗ്നിയാണെന്നും അതിന്റെ കരുത്ത് നിങ്ങൾ തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.പ്രദേശവാസികൾ ഒന്നിച്ചു നിൽക്കുകയും കുട്ടികൾ ഉണർന്നു പ്രവർത്തിക്കുകയും ചെയ്താൽ മുല്ലപ്പെരിയാർ വിഷയത്തിലും ചടുലമായ നീക്കങ്ങൾ ഉണ്ടാകും. അതിനാവശ്യമായ ഇടപെടൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ എന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.അഡ്വ. ഡീൻ കുര്യാക്കോസ് എംപി, തലശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ്, പെരുന്പാവൂർ ഫാസ്റ്റ്ട്രാക് കോടതി സ്പെഷൽ ജഡ്ജി ദിനേശ് എം. പിള്ള, സബ് ജഡ്ജ് അരവിന്ദ് ഡി. അടയോടി, ഫാ. മാത്യു ചെറുതാനിക്കൽ, ഫാ. ജോസഫ് നെല്ലിമലമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.