നൂറു ദിന കർമ്മ പരിപാടി 468 കോടി രൂപയുടെ പദ്ധതികളുമായി ഫിഷറീസ്-ഹാർബർ എൻജിനീയറിങ്-സാമൂഹ്യനീതി വകുപ്പുകൾ

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഹാർബർ
എൻജിനീയറിങ് വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി 468 കോടി രൂപയുടെ
വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അറിയിച്ചു.
തീരദേശ വികസനം, മത്സ്യത്തൊഴിലാളികളുടെ
ക്ഷേമം, ആധുനിക അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ
പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കുന്നത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്
കീഴിൽ മാത്രം ആകെ 396.15 കോടി രൂപയുടെ പദ്ധതികളാണ് 100 ദിന പരിപാടിയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 10 പദ്ധതികളുടെ പൂർത്തീകരണവും 9 പ്രധാന
പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും ഉൾപ്പെടുന്നു.
ഫിഷറീസ് വകുപ്പിന് കീഴിൽ 35 കോടി രൂപയുടെ വിവിധ പദ്ധതികൾ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. KSCADC, മത്സ്യഫെഡ്
(MATSYAFED), സാഫ് (SAF) എന്നിവ വഴി വൈവിധ്യമാർന്ന അടിസ്ഥാന സൗകര്യ വികസന
പദ്ധതികളാണ് യാഥാർത്ഥ്യമാകുന്നത്. വിപണന മേഖല ശക്തിപ്പെടുത്തുന്നതിനായി
പൂന്തുറ, കടൽ, ഞാറക്കൽ ഫിഷ് മാർക്കറ്റുകളുടെ നിർമ്മാണവും ഇരവിപുരത്ത്
മൾട്ടി പർപ്പസ് ഫിഷറീസ് സെന്ററും പൂർത്തിയാകും. തീരദേശവാസികളുടെ ക്ഷേമം
മുൻനിർത്തി കോഴിക്കോട് വെസ്റ്റ് ഹില്ലിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായി
ചെലവിൽ ഫ്ലാറ്റ് നിർമ്മാണവും ധർമ്മടത്ത് പി.എച്ച്.സിയും ചെല്ലാനത്ത്
അടിയന്തര ചികിത്സാ-രക്ഷാപ്രവർത്തന ബ്ലോക്കും സജ്ജമാകും. കൂടാതെ
പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ കോൾഡ് സ്റ്റോറേജുകളും ഷിറിയ ഫിഷിംഗ്
വില്ലേജിൽ മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്‌കുകളും ഒ.ബി.എം റിപ്പയർ സെന്ററും
പള്ളത്തുരുത്തിയിൽ കോമേഴ്ഷ്യൽ പ്രൊഡക്ഷൻ ആരംഭിക്കുന്ന ആധുനിക ടിൻ
ഫാക്ടറിയും 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തീരദേശ വനിതകളുടെ ശാക്തീകരണത്തിനും ഉപജീവനത്തിനുമായി സാഫ് (SAF) വഴി
മൈക്രോ യൂണിറ്റുകൾ, വൺ ഫാമിലി വൺ എന്റർപ്രൈസ് പദ്ധതികൾ, ജെ.എൽ.ജി
യൂണിറ്റുകൾ എന്നിവയുടെ ഉദ്ഘാടനവും റിവോൾവിങ് ഫണ്ട് വിതരണവും സംസ്ഥാനതലത്തിൽ
നടക്കും. വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി എറണാകുളത്ത് എം.ഐ.എഫ്.പി
നവീകരണ പ്രവർത്തനങ്ങളുടെയും, കൊല്ലത്ത് സി.പി.സി ഐസ് പ്ലാന്റിന്റെയും
തറക്കല്ലിടൽ കർമ്മം മത്സ്യഫെഡ് മുഖേന നിർവ്വഹിക്കും. ഇതോടൊപ്പം
മത്സ്യവില്പനക്കാരായ വനിതകൾക്ക് ഇലക്ട്രിക് സ്‌കൂട്ടർ സഹായം നൽകുന്ന
ഇ-മൊബിലിറ്റി സ്‌കീമും ബ്ലൂ ഇക്കോണമി സെൽ രൂപീകരണം, അക്വാകൾച്ചർ
പുനരുജ്ജീവന പദ്ധതി, ക്രോപ്പ് ഇൻഷുറൻസ്, പീലിംഗ് ഷെഡ് തൊഴിലാളികളുടെ
ക്ഷേമം ഉറപ്പാക്കൽ, ഡീപ് സീ ഫിഷിംഗ്, sea weed ഫാമിംഗ്, മറൈൻ കേജ് കൾച്ചർ
ഇടങ്ങിയവയുടെ നയപരമായ പ്രൊജക്ട് തുടക്കവും ഈ 100 ദിന പരിപാടിയുടെ ഭാഗമായി
പ്രഖ്യാപിക്കും.
ഹാർബർ
എൻജിനീയറിങ് വകുപ്പിന്റെ കീഴിൽ 396.15 കോടി രൂപയുടെ പദ്ധതികൾ
ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വിഴിഞ്ഞം സി.എച്ച്.സിയിലെ പുതിയ
ഐ.പി ബ്ലോക്ക്, കൊല്ലം തങ്കശ്ശേരി
ഹാർബറിലെ അധിക സൗകര്യങ്ങൾ, നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളുടെ വികസനവും
നവീകരണവും, ആയിരംതെങ്ങിലെ ബ്രൂഡ് സ്റ്റോക്ക് വികസന കേന്ദ്രം (PMMSY) എന്നിവ
പ്രധാനപ്പെട്ടവയാണ്. കൂടാതെ എറണാകുളം ചെല്ലാനം ഹാർബറിലെ അധിക അടിസ്ഥാന
സൗകര്യങ്ങളും, മലപ്പുറം പൊന്നാനി, കോഴിക്കോട് പുതിയാപ്പ, കൊയിലാണ്ടി എന്നീ
ഫിഷിംഗ് ഹാർബറുകളുടെ ആധുനികവൽക്കരണവും പൂർത്തിയായി വരുന്നു. ഇതോടൊപ്പം
തൃശ്ശൂർ അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റർ വികസനം, കാസർഗോഡ് ചെറുവത്തൂർ
ഹാർബർ നവീകരണം, മഞ്ചേശ്വരം ഹാർബർ വികസനം എന്നിവയുടെ
നിർമ്മാണോദ്ഘാടനവും, സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി
ചേറ്റുവ, മുനയ്ക്കടവ്, താനൂർ, പൊന്നാനി, കൊയിലാണ്ടി, വെള്ളയിൽ ഹാർബറുകളിൽ
അധിക സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികൾക്കും തുടക്കമാകും.
സാമൂഹ്യനീതി
വകുപ്പിന്റെ കീഴിൽ 37.2 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയോജനക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടറേറ്റും ജില്ലാതല
ഓഫീസും സജ്ജമാക്കും. വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി
24×7 സംസ്ഥാനതല ഏകീകൃത
ഹെൽപ്‌ലൈൻ, മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ഗവേർണിംഗ് കൗൺസിൽ, ടെക്‌നിക്കൽ
അഡ്വൈസറി കമ്മിറ്റി, എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ ഏജിംഗ്
സെല്ലുകൾ എന്നിവ ആരംഭിക്കും.
വയോജനങ്ങളുടെ ആവശ്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി സംസ്ഥാനതല Baseline
Dipstick സർവേ, എൽഡർ വൾനറബിളിറ്റി രജിസ്റ്റർ, പ്രൊഡക്ടീവ് ഏജിംഗ്
രജിസ്ട്രി, കേരള കെയർ വർക്ക്ഫോഴ്സ് രജിസ്ട്രി എന്നിവ നടപ്പാക്കും. എല്ലാ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും എൽഡർ ഫെസിലിറ്റേഷൻ ഡെസ്‌കുകൾ
സ്ഥാപിക്കുന്നതിനൊപ്പം സർക്കാർ ഓഫീസുകൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും വയോജന
സൗഹൃദ സർട്ടിഫിക്കേഷൻ ഏർപ്പെടുത്തും. ഡിമെൻഷ്യ ഫ്രണ്ട്‌ലി
കേരളം, കുടുബശ്രീയുടെ നേതൃത്വത്തിലുള്ള അയൽപക്ക പിന്തുണാ ശൃംഖല, തലമുറകൾ
തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന യുവജന-ഇന്റർജനറേഷണൽ പരിപാടി, ജില്ലാ
അടിസ്ഥാനത്തിലുള്ള സർവീസ് കണകറ്റ് ഡയറക്ടറി എന്നിവയും ഈ 100 ദിന പരിപാടിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്ന റിഥം ട്രൂപ്പ്, പൊതുസ്ഥലങ്ങൾ
ഭിന്നശേഷി സൗഹൃദമാക്കുന്ന പദ്ധതി, താൽക്കാലിക പരിചരണത്തിനുള്ള റെസ്‌പൈറ്റ്
ഹോം പദ്ധതി, ഭിന്നശേഷി അവകാശ നിയമം (RPWD Act, 2016) ഫലപ്രദമായി
നടപ്പാക്കുന്നതിനുള്ള സംസ്ഥാനതല സർവേ എന്നിവ നടപ്പിലാക്കും.കേരള സംസ്ഥാന
വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാരായ സംരംഭകർക്ക് സൗജന്യ
മുച്ചക്ര വാഹന വിതരണം, വാഹനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക ധനസഹായവും
വായ്പാ പദ്ധതിയും 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പദ്ധതികൾ
സമയബന്ധിതമായി തീർക്കാൻ വകുപ്പ് മേധാവികൾക്ക് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ
അവലോകന യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് – സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൽ നാസർ, ഫിഷറീസ്
ഡയറക്ടർ ചെൽസ സിനി, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, ഹാർബർ
എൻജിനീയറിങ് ചീഫ് എഞ്ചിനീയർ ഗയ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എൻ.
പത്മകുമാർ, ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സമീർ കുമാർ എന്നിവർ
പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!