ഗ്രാമീണ റോഡുകൾക്ക് ഏകീകൃത ഡിജിറ്റൽ കോഡിംഗ് സംവിധാനം; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം :30 ജൂൺ   2026

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും ഉൾറോഡുകൾക്ക് ആദ്യമായി ഏകീകൃത ഡിജിറ്റൽ കോഡും ഗ്രേഡിംഗും നൽകുന്നതിനുള്ള ഇൻട്രാ-വില്ലേജ് റോഡ് കോഡിംഗ് ആൻഡ് ഗ്രേഡിംഗ് സിസ്റ്റം നടപ്പാക്കാൻ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഒരുങ്ങുന്നു. പദ്ധതിയുടെ അന്തിമരൂപം നിശ്ചയിക്കുന്നതിന് മുമ്പ് പൊതുജനങ്ങളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വിവിധ പങ്കാളികളിൽ നിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും മന്ത്രാലയം ക്ഷണിച്ചു. 2026 ജൂലൈ 14 വരെ ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, നിർദേശങ്ങളും https://www.mygov.in/group-issue/public-consultation-document-intra-village-coding-and-their-grading-system?page=0 എന്ന വെബ്സൈറ്റ് വഴിയോ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകൾ വഴിയോ സമർപ്പിക്കാം. നിർദേശം നൽകുന്നവർ പേര്, ഗ്രാമം/ജില്ല, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം. നിലവിൽ ഗ്രാമങ്ങളിലെ ഉൾറോഡുകൾക്ക് ഏകീകൃത രേഖകളോ ഡിജിറ്റൽ മാപ്പിംഗോ ഇല്ലാത്തതിനാൽ ആംബുലൻസ്, അഗ്നിരക്ഷാസേന, പൊലീസ്, തപാൽ, കൊറിയർ സേവനങ്ങൾ എന്നിവയ്ക്ക് കൃത്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിവിധ ​ഗവൺമെൻ്റ് പദ്ധതികളുടെ നടപ്പാക്കലും റോഡ് പരിപാലനവും ഇതുമൂലം കാര്യക്ഷമമാകുന്നില്ല. പുതിയ സംവിധാനം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനത്തിൽ ഗ്രാമത്തിലെ റോഡുകളെ മെയിൻ റോഡ്, ക്രോസ് റോഡ്,അദർ റോഡ്/കണക്റ്റഡ് റോഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കും. ഓരോ റോഡിനും സംസ്ഥാനം മുതൽ ഗ്രാമം വരെ തിരിച്ചറിയാനാകുന്ന പ്രത്യേക ആൽഫാന്യൂമെറിക് കോഡ് നൽകും. ഓരോ റോഡും ഡിജിപിൻ (DIGIPIN) സംവിധാനവുമായി ബന്ധിപ്പിക്കും. റോഡുകളുടെ വിവരങ്ങൾ ഗ്രാം മഞ്ചിത്ര പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. റോഡ് ബോർഡുകളിൽ QR കോഡും, പ്രാദേശിക ഭാഷയിലും റോമനൈസ്ഡ് ഇംഗ്ലീഷിലുമുള്ള ദ്വിഭാഷാ ബോർഡുകളും സ്ഥാപിക്കും. QR കോഡ് സ്കാൻ ചെയ്താൽ റോഡിന്റെ വിവരങ്ങൾ, പരിപാലന ചരിത്രം, നാവിഗേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാകും. ഗ്രാമപഞ്ചായത്തുകളായിരിക്കും തങ്ങളുടെ പരിധിയിലെ റോഡുകൾ തിരിച്ചറിയുന്നതിനും പേരിടുന്നതിനും ഗ്രേഡിംഗ് നടത്തുന്നതിനുമുള്ള പ്രധാന അധികാരികൾ. റോഡ് വിവരങ്ങൾ ഗ്രാമപഞ്ചായത്ത് വികസന പദ്ധതികളുമായി ബന്ധിപ്പിച്ച് വർഷംതോറും അവലോകനം നടത്തുകയും പുതുക്കുകയും ചെയ്യും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അടിയന്തര സേവനങ്ങൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനും, തപാൽ-കൊറിയർ വിതരണത്തിനും, ​ഗവൺമെൻ്റ് പദ്ധതികളുടെ കാര്യക്ഷമമായ നിരീക്ഷണത്തിനും, ഗ്രാമീണ റോഡുകളുടെ പരിപാലനത്തിനും, ഡിജിറ്റൽ നാവിഗേഷനും വലിയ സഹായമാകുമെന്ന് മന്ത്രാലയം അറിയിച്ചു. പിന്നാക്ക പ്രദേശങ്ങൾക്കും ആദിവാസി മേഖലകൾക്കും നഗരപ്രദേശങ്ങളിലെ പോലെ കൃത്യമായ വിലാസ സംവിധാനത്തിന്റെ പ്രയോജനം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!