കോട്ടയം :ചെറുകര ഫിലിംസിൻ്റെ ബാനറിൽ സുധീഷ് കോശി സംവിധാനം ചെയ്യുന്ന “ആരവൻ” സിനിമയുടെ കഥയ്ക്ക് സമാന സംഭവമാണ് കഴിഞ്ഞ ദിവസം വാണിയമ്പാറത്തട്ട് ഉണ്ണമിശ്ശിഖ പള്ളി കല്ലറയിൽ സംഭവിച്ചതെന്ന് അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മനോജ് ചെറുകരയും സുഹൃത്തുക്കളും നിർമിക്കുന്ന സിനിമയിലാണ് കല്ലറ തുറക്കുന്നതും തുടർ സംഭവങ്ങളും കഥയുടെ ഭാഗമാകുന്നത്.
കഴിഞ്ഞ മെയിലാണ് കല്ലറ തുറക്കുന്ന സീനുകൾ ചിത്രീകരിച്ചത്. ഈ മാസ(ജൂൺ) മാണ് കണ്ണൂർ വാണിയപ്പാറത്തട്ട് പള്ളിയിൽ ഒരേ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത് വലിയ വാർത്തയായത്.
സംവിധായകൻ സുധീഷ് കോശിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ :-
പ്രിയ സുഹൃത്തുക്കളെ,
ചെറുകര ഫിലിംസിന്റെ ബാനറിൽ ശ്രീ മനോജ് ചെറുകര നിർമ്മിച്ച് ഞാൻ എഴുതി സംവിധാനം ചെയ്യുന്ന “ആരവൻ” എന്ന മലയാള ചലച്ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി ജില്ലയിലെ വെൺമണി, മലയെണ്ണാമല, മക്കുവള്ളി പ്രദേശങ്ങളിൽ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ് 🎬
കഴിഞ്ഞ മെയ് 22 ,23, 24 തീയതികളിൽ ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സീൻ മലയുടെ മുകളിൽ ഒരു സെമിത്തേരി സെറ്റിട്ട് ചിത്രീകരിക്കുകയുണ്ടായി.
കഥയിലെ നിർണായകമായതും സസ്പെൻസ് നിറഞ്ഞതുമായ ഒരു സീൻ ഷൂട്ട് പൂർത്തിയാക്കിയതിന്റെ സന്തോഷത്തിൽ ഞങ്ങൾ മലയിറങ്ങി.
എന്നാൽ ഈ മാസം (ജൂൺ 2026 )പതിമൂന്നാം തീയതി കണ്ണൂർ ജില്ലയിൽ, വാണിയംപാറ പള്ളിയിൽ ഒരു മൃതദേഹം അടക്കം ചെയ്യുവാൻ കല്ലറ തുറന്നപ്പോൾ കണ്ട കാഴ്ചയുടെ വാർത്തകൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ജനങ്ങൾ ഞെട്ടലോടെ അറിഞ്ഞ ഈ വാർത്ത ഞങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
എന്താണോ ഞങ്ങൾ ചിത്രീകരിച്ചത് അത് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നു.
ചില സംഭവങ്ങളിൽ നിന്നും പ്രചോദനം
ഉൾക്കൊണ്ടും അല്ലെങ്കിൽ ഒരു യഥാർത്ഥ സംഭവം തന്നെ സിനിമയാക്കുന്നതും നമ്മൾ കണ്ടു വരുന്നതാണ്.
ചിലപ്പോൾ സിനിമയിലെ സീനുകൾ കണ്ട് അത് പ്രേരണയായി വലിയ കുറ്റകൃത്യങ്ങൾ സമൂഹത്തിൽ നടക്കുന്നതും നമുക്കറിയാം.
എന്നാൽ സിനിമ ഇറങ്ങുന്നതിനു മുൻപ് അതിലെ സീൻ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ചുരുക്കമാണ്.
!ഇപ്പോൾ ഞങ്ങൾ ആശങ്കയിലാണ്! കാരണം, ചിത്രീകരണം പൂർത്തിയാക്കിയ ഈ സീൻ തിയറ്ററിൽ വരുമ്പോൾ വാണിയംപാറ കല്ലറയിലെ സംഭവം എടുത്തു വച്ചിരിക്കുന്നുവെന്ന് പ്രേക്ഷകർക്ക് പറയാം.
വാണിയംപാറ സംഭവം ഇപ്പോൾ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ലഭിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ അതും ഞങ്ങളുടെ കഥയുമായി ചില സാമ്യങ്ങളുണ്ട്.
ചിലപ്പോൾ ഈ സംഭവം ആസ്പദമാക്കി ഇനി ഷോർട്ട് ഫിലിമുകളും സിനിമകളും ഇറങ്ങിയേക്കാം.
എന്നാൽ റിലീസിനായി ഒരുങ്ങുന്ന സിനിമയിലെ ഒരു ഭാഗം യഥാർത്ഥ സംഭവമായിരിക്കുന്നുവെന്ന് കണ്ടപ്പോൾ അറിയിക്കണമെന്ന് തോന്നി. 👍
വാണിയംപാറ പള്ളി സെമിത്തേരിയിലെ കല്ലറയിലുണ്ടായ സംഭവം അറിഞ്ഞശേഷം അല്ല ഞങ്ങൾ സിനിമ ചിത്രീകരണം തുടങ്ങിയതെന്നും തികച്ചും എന്റെ ഭാവനയിൽ വിരിഞ്ഞ ഒരു കഥ ചെറുകര ഫിലിംസ് സിനിമയാക്കുകയുമാണ് ഉണ്ടായതെന്നും ഞങ്ങൾ അറിയിക്കട്ടെ.🙏
ഷൂട്ടിംഗ് തീർന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ സിനിമ “ആരവൻ” തീയേറ്ററിൽ വരുമ്പോൾ എല്ലാവരും കാണണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏
-സുധീഷ് കോശി –
Writer &Director

