ജില്ലാതല യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു

യോഗ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹം- സ്പീക്കർ

കോട്ടയം: യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കപ്പെടുന്നത് അഭിമാനാർഹമാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസ്് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. മിനി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജി. ഹരികുമാർ, എം.ഡി.എസ്.എച്ച്.എസ്. ഹെഡ്മാസ്റ്റർ തോമസ് ഏബ്രഹാം, എൻ.എ.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡോ. വി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9.30-ന് കളക്ടറേറ്റിൽ നിന്നാരംഭിച്ച ജില്ലാതല യോഗാദിന റാലി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു ഫ്ളാഗ് ഓഫ് ചെയ്തു.

യോഗ പ്രോട്ടോക്കോൾ പ്രദർശനം, യോഗാഭ്യാസത്തിലൂടെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച 60 വയസ്സിന് മുകളിലുള്ള യോഗ ക്ലബ് അംഗങ്ങളെ ആദരിക്കൽ, യോഗദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം എന്നിവയും നടത്തി. ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രമേയമായ ‘ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ’ എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിച്ചത്. യോഗദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആയുർവേദ, ഹോമിയോപ്പതി ചികിത്സാസ്ഥാപനങ്ങളിലും ഒരാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ1 – ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതി വകുപ്പും ചേർന്ന് നടത്തിയ യോഗാദിനാചരണം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!