പവര്‍കട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനം.പീക് ലോഡ് മാനേജ്‌മെന്റ് എന്ന പേരില്‍ അര മണിക്കൂര്‍ വരെ
നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. ചൂടു കൂടിയതിന് പിന്നാലെ
അറിയിപ്പൊന്നുമില്ലാതെ 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ
നിയന്ത്രണമേര്‍പ്പെടുത്തിയത് വിവാദമായിരുന്നു. ലോഡ് ഷെഡിങ് അല്ല, ‘ലോഡ്
റെസ്ട്രിക്ഷന്‍’ (നിയന്ത്രണം) ആണെന്നായിരുന്നു കെഎസ്ഇബി ന്യായീകരണം.
എന്നാല്‍ ഇപ്പോള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുകയാണെന്ന് കെഎസ്ഇബി തന്നെ
അറിയിച്ചു. കൊടുംചൂടായതോടെ വൈദ്യുതി മുടക്കം പാടില്ലെന്ന് മുഖ്യമന്ത്രിയുടെ
നേതൃത്വത്തിലെ അവലോകന യോഗത്തില്‍ തീരുമാനിച്ച് രണ്ട് ദിവസം കഴിയുമ്പോഴാണ് പവര്‍കട്ട്. കൂടാതെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ആവര്‍ത്തിച്ചു
പറഞ്ഞിരുന്നു, വൈദ്യുതി നിയന്ത്രണത്തെപ്പറ്റി തത്കാലം ആലോചിക്കുന്നില്ലെന്ന്. വൈദ്യുതി ഉപയോഗം കൂടുതലുള്ള വൈകിട്ട് ആറു മുതല്‍ 11 വരെ, 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. എസ്എംഎസ് വഴിയാകും നിയന്ത്രണം അറിയിക്കുക. ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന പേരിലായിരിക്കും എസ്എംഎസ് എത്തുക. ലോഡ് കൂടുന്നതിനനുസരിച്ച് ഓരോ സബ്ഡിവിഷന് കീഴിലും പ്രാദേശികമായി നിയന്ത്രണമേര്‍പ്പെടുത്തും. ലോഡ് താങ്ങാനാകാതെ വരുന്നതോടെ വിതരണ സംവിധാനം തകരാറിലാകുന്നതു കണക്കിലെടുത്താണ് നിയന്ത്രണമെന്നാണ് കെഎസ്ഇബി വിശദീകരണം.

ചൂട് കൂടിയതിന് പിന്നാലെ മുന്‍കൂര്‍ അറിയിക്കാതെയുള്ള വൈദ്യുതി നിയന്ത്രണത്തിനെതിരേ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് ഇപ്പോഴത്തെ
പവര്‍കട്ട്. പവര്‍കട്ടില്ലാത്ത 10 വര്‍ഷങ്ങളെന്ന് പറഞ്ഞാണ് പിണറായി
സര്‍ക്കാര്‍ വലിയ പ്രചാരണം നടത്തിയത്. പവര്‍കട്ടോടെ അതു പൊളിയുന്നു. മേയ്
15 വരെ ടേം എഹെഡ് മാര്‍ക്കറ്റില്‍ നിന്നു യൂണിറ്റിന് 10 രൂപ വരെ നിരക്കില്‍
250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മിഷന്‍
അനുമതിയേകിയിട്ടുണ്ട്. എന്നിട്ടും വൈദ്യുതി ക്ഷാമം പരിഹരിക്കാനാകാതെ
വന്നതോടെയാണ് പവര്‍കട്ടിലേക്ക് നീങ്ങിയത്.അതിനിടെ പുറത്തു നിന്ന്
വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ആരും നല്‍കാന്‍ സന്നദ്ധരല്ല.
കൂടുതല്‍ വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുണ്ടെങ്കിലും ചൂട്
കൂടിയ സാഹചര്യത്തില്‍ അവര്‍ വില്പ്പന നിര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍
ഇന്നു ചേരുന്ന ഉന്നത തല യോഗം പവര്‍ കട്ട് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!