നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ഒന്‍പതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 730005 പുരുഷന്‍മാരും 768805 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 14 പേരും ഉള്‍പ്പെടുന്നു. 3124 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 18-19 പ്രായവിഭാഗത്തിലുള്ള 12750 പേരും 85 വയസിനു മുകളിലുള്ള 17906 പേരുമുണ്ട്. 1624 പേര്‍ സര്‍വീസ് വോട്ടര്‍മാരാണ്. വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാന്‍ മാര്‍ച്ച് 23 വരെ അവസരമുണ്ട്.ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളില്‍ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവര്‍ക്കുമായി വീട്ടില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്ന അസന്നിഹിത(ആബ്‌സന്‍റീ വോട്ടര്‍)സംവിധാനവും ഉണ്ട്. ഇതിനുള്ള ഫോം ബൂത്തുതലത്തില്‍ വിതരണം ആരംഭിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മാര്‍ച്ച് 19നകം ഫോം പൂരിപ്പിച്ചു നല്‍കണം.പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ജില്ലയില്‍ 15000 ജീവനക്കാരെയാണ് നിയോഗിക്കുക. ഇതില്‍ 8605 പേര്‍ പോളിംഗ് ജോലികളും 6500 പേര്‍അനുബന്ധ ജോലികളുമാണ് നിര്‍വഹിക്കുക. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കുള്ള പരിശീലനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 19ന് നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളില്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് 18 ആന്‍റി ഡേഫേസ്‌മെന്‍റ് സക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു.നിരീക്ഷണത്തിനായി 27 വീതം ഫ്ലൈയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകളും 18 വീഡിയോ സര്‍വൈലന്‍സ് ടീമുകളുമുണ്ട്. ചെലവു നിരീക്ഷണത്തിനായി ഒന്‍പത് സ്‌ക്വാഡുകളെയും ഫീല്‍ഡില്‍നിന്ന് എടുക്കുന്ന വീഡിയോകള്‍ പരിശോധിക്കുന്നതിനായി ഒന്‍പത് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 17 നോഡല്‍ ഓഫീസര്‍മാരെയും അവര്‍ക്കു കീഴില്‍ ജീവനക്കാരെയും നിയോഗിച്ചു. ഇതിനു പുറമെ വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമുള്ള വിവിധ യോഗങ്ങള്‍ നടന്നുവരുന്നു.കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകമായി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലയിലേക്ക് മൂന്ന് ചെലവ് നിരീക്ഷകകരും ഒരു പോലീസ് നിരീക്ഷകനുമുണ്ട്. ചെലവു നിരീക്ഷകര്‍ മൂന്നു പേര്‍ ഇന്ന് ജില്ലയില്‍ എത്തിച്ചേരും.സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങളിലെ പരസ്യങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചെയര്‍മാനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് മ്മിറ്റി(എം.സി.എം.സി)പ്രവര്‍ത്തിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി എംസിഎംസിക്കു കീഴില്‍ പ്രത്യേക നിരീക്ഷണവിഭാഗം 24 മണിക്കൂറുമുണ്ട്.വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനായി സ്വീപ്പിന്‍റെ (സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) വിവിധ പരിപാടികള്‍ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുമുണ്ട്.ഓരോ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകള്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. ഹരിതചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ബൂത്തുകളുടെയും പ്രവര്‍ത്തനം.പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ഒന്‍പത് കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ് സജ്ജീകരിക്കുന്നത്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണം. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സിവിജില്‍ ആപ് മുഖേന പരാതി നല്‍കാം.ക്രമസമാധാനം ഉറപ്പാക്കുന്നതിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് വിശദീകരിച്ചു. ആകെ 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ജില്ലയില്‍ എല്ലാ മേഖലകളിലും പോലീസ് പരിശോധനകള്‍ നടക്കന്നുണ്ട്.തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!