ഗാന്ധിജിയെ ആരും ഉപദ്രവിച്ചിട്ടില്ലെന്നു പി സി ജോർജിന് വെളിപാട്

പാലാ :വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെ എന്തും പറയാമെന്ന ധാരണയാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നാണ് ധാരണ.
സ്വാതന്ത്ര്യസമരം ചരിത്രം പുസ്തകങ്ങളിൽ പോലും പഠിച്ചിട്ടുണ്ടോയെന്ന് സംശയം ഉണ്ടാവുക സ്വഭാവികം.

ഇദ്ദേഹമുൾപ്പെടെ ഇപ്പോഴും അധികാരത്തിന് വേണ്ടിയുള്ള ഓട്ടത്തിലാണ്. സ്വാതന്ത്ര്യസമര നേതാവായ ഗാന്ധിജി ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സമയത്ത് പ്രധാനമന്ത്രിയോ മന്ത്രിയോ ആകാൻ ഓടി നടക്കുകയായിരുന്നില്ല, ഒന്നും കിട്ടാതെ വന്നപ്പോൾ ചീഫ് വിപ്പ് എങ്കിൽ ചീഫ് വിപ്പ് എന്നും പറഞ്ഞ് വാങ്ങാനും ശ്രമിച്ചില്ല.

ഗാന്ധിജി ദൈവമാണെന്ന് ആരും പറഞ്ഞിട്ടില്ല. പിന്നെ ഗാന്ധിജിയെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് ഇദ്ദേഹത്തിന് ഇപ്പോൾ ബോധോദയം ഉണ്ടായത്രെ. ഗാന്ധിജി വാർദ്ധ്യക്യ സഹജമായ അസുഖത്തെത്തുടർന്നു മരിച്ചതെന്നാണ് ഇദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ വിശ്വാസം. ഗാന്ധിജിയെ വെടിവച്ചു കൊന്നതല്ലെന്നു ഇദ്ദേഹം സ്വയം വിശ്വസിച്ചു കഴിഞ്ഞു. ഇദ്ദേഹത്തെക്കൂടി ലക്ഷ്യംവച്ചാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുള്ളത്. “ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.’ എന്നാണ് ഐൻസ്റ്റീനിൻ്റെ വാക്കുകൾ.

ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാവായ ഗാന്ധിജിയെ ഒരു ഉളുപ്പുമില്ലാതെ വായിൽ തോന്നിയപോലെ വിശേഷിപ്പിക്കുന്നത് സത്യം മാത്രം പറയുന്ന പൂഞ്ഞാറ്റിലെ ‘ഹരിശ്ചന്ദ്ര’നാണ്. എന്തിന് വേണ്ടിയാണ് കാള വാല് പൊക്കുന്നതെന്ന് മലയാളികൾക്കെല്ലാം നന്നായി അറിയാം. സ്യൂട്ടും കോട്ടുമിട്ട് ചർക്കയ്ക്കു മുന്നിൽ ഇരുന്നാൽ ഗാന്ധിജിയാവാൻ സാധിക്കില്ലെന്നത് മനസിലാക്കണം.

ഒരു പിടി ഉപ്പുകൊണ്ട് സ്വതന്ത്ര്യസമരചരിത്രത്തിന് ദിശാബോധം നൽകിയ ഉപ്പുസത്യഗ്രഹത്തെക്കുറിച്ച് കൊച്ചുകുട്ടികൾക്കു പോലും അറിയാമെന്നിരിക്കെയാണ് പുതിയ വ്യാഖ്യാനം ചമയ്ക്കുന്നത്.

ഗാന്ധിജി വിമർശനത്തിന് അതീതനല്ല. ഗാന്ധിജിയെ വിമർശിക്കാൻ ഏതൊരാൾക്കും അവകാശമുണ്ട്. അതു പക്ഷേ വസ്തുതാപരമായിരിക്കണമെന്നതു സാമാന്യ മര്യാദയുടെ ഭാഗമാണ്.

ഗാന്ധിജിയുടെ ചിത്രം മാത്രമല്ല പേരുപോലും ചിലരെ അസ്വസ്തരാക്കുന്നുവെങ്കിൽ, ഭയപ്പെടുത്തുന്നുവെങ്കിൽ കരുതികൊള്ളുക ഗാന്ധിയൻ ആശയങ്ങളുടെയും പ്രസക്തി ഇനിയും നഷ്ടപ്പെട്ടിട്ടില്ലെന്ന്. മരണപ്പെട്ട ഗാന്ധിജിയെപ്പോലും ഭയപ്പാടോടെയാണ് ചിലർ കാണുന്നതിൻ്റെ സൂചനയാണ് അദ്ദേഹത്തോടു കാണിക്കുന്ന വാക്കുകളിലൂടെയുള്ള അവഹേളനവും അധിക്ഷേപവും.

മലയാളികൾ ബോധവും വിവരവും ഉള്ളവരാണ് എന്ന കാര്യം പൂഞ്ഞാറ്റിൽ തെളിയിച്ചതാണ്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. അപേക്ഷയാണ്.

എബി ജെ ജോസ്ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ – 686575

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!