വാർത്താലാപ് പ്രാദേശിക മാധ്യമ ശില്പശാല കുമളിയിൽ സംഘടിപ്പിച്ചു
തിരുവനന്തപുരം : 17 ഫെബ്രുവരി 2026
വ്യാജ വാർത്തകളെ കുറിച്ച് മാധ്യമപ്രവർത്തകർ ജാഗരൂകരാകണമെന്നും നിർമിത ബുദ്ധിയ്ക്ക് അടിമകളാകരുത്, അവ വിവേകത്തോടെ ഉപയോഗിക്കാൻ പഠിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടര്‍ ജനറല്‍ ശ്രീ വി പളനിച്ചാമി ഐ ഐ എസ്. തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇടുക്കി ജില്ലയിലെ കുമളിയിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാല – വാർത്താലാപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾ മനസ്സിലാക്കാൻ മാധ്യമപ്രവർത്തകർക്ക് സാധിക്കണമെന്നും അവർ എപ്പോഴും നൈപുണ്യം വർധിപ്പിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യ ഇന്ന് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. AI ഇന്ന് സാധാരണക്കാർക്കും പ്രാപ്യമായിരിക്കുന്നു. എന്തൊക്കെ സാങ്കേതിക വിദ്യകൾ വന്നാലും മനുഷ്യൻ്റെ ഇടപെടൽ അനിവാര്യമാണ് – ശ്രീ വി പളനിച്ചാമി ചൂണ്ടിക്കാട്ടി. PIB തിരുവനന്തപുരം ഇൻഫർമേഷൻ അസിസ്റ്റൻ്റ് കുമാരി നിഖിത എ എസ് ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തി. തേക്കടി പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ശ്രീ പി കെ ഹാരിസ് അധ്യക്ഷത വഹിച്ചു. AI സാങ്കേതിക വിദ്യയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടിയ ശ്രീ പി കെ ഹാരിസ്, വാർത്തകൾ കൃത്യതയോടെ റിപ്പോർട്ട് ചെയ്യുക എന്നതാണ് ഇന്നത്തെ കാലത്ത് മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളിയെന്ന് എടുത്തുപറഞ്ഞു. ശില്പശാലയിൽ നിന്നും ലഭിക്കുന്ന അറിവുകൾ പ്രാദേശിക മാധ്യമപ്രവർത്തകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് PIB തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി പളനിച്ചാമി, IIIT കോട്ടയം അസോഷ്യേറ്റ് ഡീൻ ശ്രീ എബിൻ ഡെനി രാജ്, ഫാക്ട് ചെക്കർ & AI ട്രെയിനർ ശ്രീ ഹബീബ് റഹ്മാൻ വൈ.പി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ്റ് ഡയറക്ടർ ശ്രീ ജയമോഹൻ നായർ വി, PIB തിരുവനന്തപുരം ഇൻഫർമേഷൻ അസിസ്റ്റൻ്റ് കുമാരി നിഖിത എ എസ് എന്നിവരെ തേക്കടി പ്രസ്സ് ക്ലബ് ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. തേക്കടി പ്രസ്സ് ക്ലബ്ബിനുള്ള ഉപഹാരസമർപ്പണം ശ്രീ വി പളനിച്ചാമി നിർവഹിച്ചു. തേക്കടി പ്രസ്സ് ക്ലബ് സെക്രട്ടറി ജെയ്സൺ എബ്രഹാം ചടങ്ങിൽ നന്ദി അറിയിച്ചു. സോഷ്യൽ മീഡിയ യുഗത്തിലെ എഐ-പവേർഡ് ജേണലിസം എന്ന വിഷയത്തിൽ ഐഐഐടി കോട്ടയം അസോഷിയേറ്റ് ഡീൻ ഡോ. എബിൻ ഡെനി രാജ്, ഫാക്ട് ചെക്കിംഗ്: മാധ്യമ പ്രവർത്തകർക്കുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ ശ്രീ. ഹബീബ് റഹ്മാൻ വൈ. പി, സഹകരണ മേഖലയിലെ ഗവൺമെൻ്റ് പദ്ധതികൾ വി.ബി-ജി റാം ജി നിയമം എന്ന വിഷയത്തിൽ കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിൻ്റെ ഡയറക്ടർ ഡോ. ജയമോഹൻ നായർ വി എന്നിവർ ക്ലാസുകൾ നയിച്ചു. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മീഡിയ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടര്‍ ജനറല്‍ ശ്രീ വി പളനിച്ചാമി വിശദീകരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് അറിവ് പകരുക എന്നതാണ് വിവിധ ജില്ലകളിൽ പിഐബി സംഘടിപ്പിക്കുന്ന ഇത്തരം ശില്പശാലകളുടെ ലക്ഷ്യം.