തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ സംസ്ഥാന ചെയർമാനുമായ എം. മുരളിയുടെ ഭൗതികശരീരം കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തി.
മുൻ മുഖ്യമന്ത്രി എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി മുൻ പ്രസിഡൻ്റ് എം.എം ഹസൻ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് വേണ്ടി കെപിസിസി വർക്കിങ് പ്രസിഡൻ്റ് എ.പി അനിൽകുമാറും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് വേണ്ടി കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി.സി വിഷ്ണുനാഥും പുഷ്പചക്രം സമർപ്പിച്ചു.
സ്പീക്കർ എ.എൻ ഷംസീർ, മന്ത്രി സജി ചെറിയാൻ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. എംഎൽഎമാരായ എം. വിൻസൻ്റ്, ആര്യാടൻ ഷൗക്കത്ത്, അൻവർ സാദത്ത്, ടി.ജെ വിനോദ്, എൽദോസ് കുന്നപ്പള്ളി, ഐ.സി ബാലകൃഷ്ണൻ, ഉമ തോമസ് എന്നിവരും ആദരവ് അർപ്പിച്ചു. കെപിസിസി ഭാരവാഹികളായ പഴകുളം മധു, വി.എസ് ശിവകുമാർ, എം.എ വാഹിദ്, ചെറിയാൻ ഫിലിപ്പ്,അഡ്വ പി എ സലിം , ദീപ്തി മേരി വർഗീസ്, പാലോട് രവി, മരിയാപുരം ശ്രീകുമാർ, ബി.ആർ.എം ഷഫീർ, കെ.ബി ശശികുമാർ, നിഷ സോമൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ എന്നിവരും എം. മുരളിക്ക് വിട നൽകാനെത്തി.
മാവേലിക്കര മുൻ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം മുരളി ഇന്നലെയാണ് അന്തരിച്ചത് . 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1991, 1996, 2001, 2006 വർഷങ്ങളില്‍ മാവേലിക്കരയില്‍ നിന്നും നിയമസഭയിലെത്തി.

1953 ല്‍ ആലപ്പുഴയിലെ ചെറുകോലില്‍ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ് ഇ ബിയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യല്‍ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982-ല്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് യുവാക്കളുടെ സെക്രട്ടേറിയറ്റ് മാർച്ച് നയിച്ചതോടെയാണ് എം മുരളി ശ്രദ്ധിക്കപ്പെടുന്നത്.
1991ല്‍ മാവേലിക്കരയില്‍ നിന്നും സി പി എമ്മിന്റെ എസ് ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1996ല്‍ സിപിഎമ്മിലെ പി എൻ വിശ്വനാഥനെ പരാജയപ്പെടുത്തി വീണ്ടും എംഎല്‍എയായി. 2001 എൻ സി പി സ്ഥാനാർത്ഥി എൻ വി പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി ഹാട്രിക് വിജയം സ്വന്തമാക്കി. 2006ല്‍ സിപിഎമ്മിന്റെ ജി രാജമ്മയെ പരാജയപ്പെടുത്തി അതേ സീറ്റില്‍ നിന്നും വീണ്ടും വിജയിച്ചു. 2011ല്‍ കായംകുളത്ത് നിന്നാണ് ജനവിധി തേടിയത്. അന്ന് സിപിഎമ്മിന്റെ സി കെ സദാശിവനോട് 1315 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.
1972 മുതല്‍ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവർത്തിച്ചു. 1980ല്‍ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റുമായിരുന്നു