കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് മാത്രം പവന് 8,640 രൂപ വർധിച്ച് 1,31,160 രൂപയെന്ന ചരിത്രവിലയിലെത്തി. ഇത്രയും വർധന ഇതിനു മുൻപുണ്ടായിട്ടില്ല. ഗ്രാമിന് 1,080 രൂപ വർധിച്ച് 16,395 രൂപയായി. രണ്ടു ദിവസത്തിനിടെ 1,550 രൂപ ഗ്രാമിന് വര്‍ധിച്ചു. പവന് 12,400 രൂപയുടെ വര്‍ധന. രാജ്യാന്തര സ്വര്‍ണ വില കുത്തനെ വര്‍ധിച്ചതാണ് ഈ വിലകയറ്റത്തിന് കാരണം.
ദിവസേനയുള്ള വിലവർധനവ് സ്വർണാഭരണം വാങ്ങുക എന്ന ആഗ്രഹം സാധാരണക്കാരന് സ്വപ്നമായി മാറും. സ്വര്‍ണവിലയിലെ കുതിപ്പ് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില വർധനവോടെ സാധാരണക്കാര്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ എത്താത്ത സ്ഥിതിയുണ്ട്. ജിഎസ്ടിയും (3%), പണിക്കൂലിയും (മിനിമം 10%), ഹോൾമാർക്ക് ഫീസും (53.10 രൂപ) ചേരുമ്പോൾ വാങ്ങൽവില ഒറ്റപവൻ ആഭരണത്തിന് 1.40 ലക്ഷം രൂപയിലധികം വരും.
