തിരുവനന്തപുരം : 27 ജനുവരി 2026
ഇന്ത്യഗവൺമെൻ്റിൻ്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്
(MeitY) കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ (DIBD), 2026 ജനുവരി
23-ന് തിരുവനന്തപുരത്തെ ദി ലീല, കോവളം ഹോട്ടലിൽ നടന്ന കേരള റീജിയണൽ എഐ
ഇംപാക്ട് കോൺഫറൻസ് 2026-ൽ തങ്ങളുടെ സ്പീച്ച്-ടു-ടെക്സ്റ്റ്, തത്സമയ ബഹുഭാഷാ
വിവർത്തന സംവിധാനങ്ങൾ വിന്യസിച്ചു. ഇതിന്റെ ഭാഗമായി ‘ശ്രുത്ലേഖ്'(Shrutlekh) എന്ന ട്രാൻസ്ക്രിപ്ഷൻ സംവിധാനവും സമ്മേളനത്തിൽ ഉപയോഗിച്ചു.കേന്ദ്ര
ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ്, കേരള സ്റ്റാർട്ടപ്പ്
മിഷൻ എന്നിവയുടെ സഹകരണത്തോടെ കേരള സർക്കാരും, കേന്ദ്ര ഐടി
മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യ എഐ (IndiaAI) മിഷനും ചേർന്നാണ്
സമ്മേളനം സംഘടിപ്പിച്ചത്. ഭരണനിർവ്വഹണത്തിലും പ്രധാന വികസന മേഖലകളിലും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച
ചെയ്യുന്നതിനായി നയരൂപകർത്താക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവരെ ഈ സംഗമം ഒന്നിപ്പിച്ചു.ഭരണനിർവ്വഹണത്തിൽ
തിട്ടപ്പെടുത്താവുന്ന ഫലങ്ങൾ കൈവരിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
വെറും പരീക്ഷണങ്ങൾക്കപ്പുറം വളരണമെന്നും, അതേസമയം തന്നെ അത് ജനാധിപത്യ
മൂല്യങ്ങളിലും സാമൂഹിക ഉൾപ്പെടുത്തലിലും ധാർമ്മിക ഉത്തരവാദിത്തത്തിലും
അധിഷ്ഠിതമായിരിക്കണമെന്നും, സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ
പ്രസംഗത്തിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. സുതാര്യത
ശക്തിപ്പെടുത്തുന്നതിനും പൊതുസേവന വിതരണം മെച്ചപ്പെടുത്തുന്നതിനും
നവീകരണത്തിന്റെ ഗുണഫലങ്ങൾ പൗരന്മാർക്ക് ലഭിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന്
അദ്ദേഹം കൂട്ടിച്ചേർത്തു.ഇംഗ്ലീഷിലും
മലയാളത്തിലുമായി അദ്ദേഹം നടത്തിയ പ്രസംഗം, ഭാഷിണി (BHASHINI)
പ്ലാറ്റ്‌ഫോമും ‘ശ്രുത്ലേഖ്’ (Shrutlekh) ട്രാൻസ്‌ക്രിപ്ഷൻ സംവിധാനവും
ഉപയോഗിച്ച് തത്സമയം ലിപിമാറ്റം ചെയ്യുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം
ചെയ്യുകയും ചെയ്തു. ഇതിലൂടെ കാണികൾക്കായി സ്ക്രീനിൽ തത്സമയ സബ്ടൈറ്റിലുകൾ
ലഭ്യമാക്കി.നേരത്തെ,
ഉദ്ഘാടന ചടങ്ങിൽ, കേരള നിയമസഭാ സ്പീക്കർ ശ്രീ എ.എൻ. ഷംസീർ ഇംഗ്ലീഷിൽ
നടത്തിയ പ്രസംഗവും ഭാഷിണി-ശ്രുത്ലേഖ് (BHASHINI Shrutlekh) സംവിധാനം
ഉപയോഗിച്ച് തത്സമയം ലിപിമാറ്റം ചെയ്യുകയും മലയാളത്തിലേക്ക് വിവർത്തനം
ചെയ്യുകയും ചെയ്തു. ഇത് വേദിയിലുണ്ടായിരുന്നവർക്ക് പ്രസംഗം തത്സമയം തന്നെ
മാതൃഭാഷയിൽ മനസ്സിലാക്കാൻ സഹായകമായി.കൂടാതെ,
കോൺഫറൻസിന്റെ വിവിധ സെഷനുകളിൽ ഇംഗ്ലീഷിൽ നടന്ന മുഖ്യപ്രഭാഷണങ്ങളും പാനൽ
ചർച്ചകളും തത്സമയം മലയാളത്തിലേക്ക് ലിപിമാറ്റം ചെയ്യുകയും വിവർത്തനം
ചെയ്യുകയും ചെയ്തു. ഇത് പ്രാദേശിക പങ്കാളികൾക്ക് ചർച്ചകളിൽ സജീവമായി
ഏർപ്പെടുന്നതിനും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും സഹായകമായി.പ്രധാന
സെഷനുകളുടെ തത്സമയ ട്രാൻസ്‌ക്രിപ്റ്റുകൾ തയ്യാറാക്കാൻ ശ്രുത്ലേഖ്
(Shrutlekh) സംവിധാനത്തിലൂടെ സാധിച്ചു. ഇത് സമ്മേളന നടപടികളുടെ കൃത്യമായ
ഡോക്യുമെന്റേഷനും പരിപാടിക്ക് ശേഷമുള്ള വിവര വിതരണത്തിനും ഏറെ ഗുണകരമായി.
തുടർച്ചയായ പ്രസംഗങ്ങൾ നടക്കുന്ന വലിയ പൊതുപരിപാടികളിൽ ഭാഷിണി സ്പീച്ച്
മോഡലുകളുടെ പ്രവർത്തനക്ഷമതയും അവ എത്രത്തോളം വലിയ തോതിൽ ഉപയോഗിക്കാമെന്നും ഈ
വിന്യാസം തെളിയിച്ചു.“നവീനതയിൽ
നിന്ന് പ്രഭാവത്തിലേക്ക്: വിവിധ മേഖലകളിൽ എഐയുടെ സാധ്യതകൾ
പ്രയോജനപ്പെടുത്തുക” (From Innovation to Impact: Realising the Potential
of AI Across Sectors) എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ പ്രമേയം. എഐ
ഗവേണൻസ്, സൈബർ സുരക്ഷ, ആരോഗ്യ സംരക്ഷണം, കൃഷി, നൈപുണ്യ വികസനം,
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ഡീപ് ടെക്നോളജീസ് തുടങ്ങിയ വിഷയങ്ങൾ സെഷനുകളിൽ
ചർച്ച ചെയ്തു.ഡിജിറ്റൽ
ഇന്ത്യ ഭാഷിണി പ്ലാറ്റ്‌ഫോം നിലവിൽ 22-ലധികം ഇന്ത്യൻ ഭാഷകളിൽ സ്പീച്ച്,
ടെക്സ്റ്റ് സേവനങ്ങൾ നൽകുന്നുണ്ട്. സർക്കാർ വകുപ്പുകൾക്കും
സ്റ്റാർട്ടപ്പുകൾക്കും സിസ്റ്റം ഇന്റഗ്രേറ്റർമാർക്കുമായി ഓപ്പൺ എപിഐകളും
ലഭ്യമാണ്. വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ, പരാതി പരിഹാര സംവിധാനങ്ങൾ, കാർഷിക
ഉപദേശക സേവനങ്ങൾ, ജുഡീഷ്യൽ ഡോക്യുമെന്റേഷൻ, പഞ്ചായത്തീരാജ് ഭരണം എന്നിവയിൽ ഈ
പ്ലാറ്റ്‌ഫോം സംയോജിപ്പിക്കാൻ സാധിക്കും.പൊതുനയങ്ങളിലും
ഭരണനിർവ്വഹണ വേദികളിലും വോയ്‌സ് അധിഷ്ഠിത ബഹുഭാഷാ ആർട്ടിഫിഷ്യൽ
ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗം ഈ സമ്മേളനത്തിലെ വിന്യാസം തെളിയിച്ചു.
ഭാഷാപരമായ ലഭ്യത, ഡോക്യുമെന്റേഷൻ, ചർച്ചകളുടെ വിപുലമായ പ്രചരണം
എന്നിവയ്ക്ക് ഇത് കരുത്തേകി.
