കോട്ടയം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ ആർത്തവ ശുചിത്വ പരിപാടികൾ ശക്തമാക്കുന്നു. പരിസ്ഥിതി
പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 21 ഹയർ സെക്കൻഡറി
സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിക്കാനും 15
സ്കൂളുകളിലും ഏഴ് കോളജുകളിലും മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണവും
നടത്താനും തീരുമാനിച്ചു. 93 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും മെൻസ്ട്രുവൽ
കപ്പ് വിതരണം ചെയ്യും. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ
വകയിരുത്തിയ തുകകൊണ്ട് സംസ്ഥാനത്ത് 322 ഇടങ്ങളിലാണ് ഇൻസിനറേറ്റർ
സ്ഥാപിക്കുന്നത്. ഹരിതകേരളം മിഷൻ നടത്തിയ സർവേയിലൂടെ തെരഞ്ഞെടുത്ത
സ്കൂളുകളിലും കോളജുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം
മെൻസ്ട്രുവൽ കപ്പുകളും വിതരണം ചെയ്യും. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ്
കെയറുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇൻസിനറേറ്റർ
വഴി നാപ്കിനുകൾ ഉയർന്ന താപനിലയിൽ ദഹിപ്പിച്ച് ചാരമാക്കാം. പ്ലാസ്റ്റിക്
മാലിന്യം പൂർണമായും ഒഴിവാക്കാൻ സഹായിക്കുന്ന മെൻസ്ട്രുവൽ കപ്പുകൾ
പ്രചരിപ്പിക്കുന്നത് ജില്ലയുടെ ‘നെറ്റ് സീറോ കാർബൺ’ ലക്ഷ്യത്തിന്
കരുത്തേകും.
