
എരുമേലി:കനകപ്പലത്ത് 1936 ൽ സ്ഥാപിച്ച എം ടി ഹൈസ്‌കൂൾ 90 വർഷം പിന്നിടുന്നതിന്റെ നവതി ആഘോഷ നിറവിൽ. ഇന്ന് രാവിലെ 10.30 നാണ് നവതി ആഘോഷ സമ്മേളനം. വിദ്യാലയമുത്തശ്ശിയായ ഈ സ്കൂൾ 1974 ലാണ് ഹൈസ്കൂളായി അപ് ഗ്രേഡൂചെയ്യപ്പെട്ടത്. തങ്കഗിരി സി ടി മാത്യു ആണ് സ്കൂൾ മാനേജർ. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രസിദ്ധരായ നിരവധി പേർ ഇവിടെ പഠിച്ചവരാണെന്നത് അഭിമാനം പകരുന്നു. പ്രധാനാദ്ധ്യാപകനടക്കം 23 അദ്ധ്യാപകരും 4 നോണ് ടീച്ചിങ് സറ്റാഫുമാണ് ഇവിടെയുള്ളത്. പ്രധാന അദ്ധ്യാപിക ജെറ്റി തോമസ്, പി.ടി.എ. പ്രസിഡണ്ട് കെ എസ് സുമേഷ്, എം.പി.ടി.എ. പ്രസിഡണ്ട് സതി മധു എന്നിവരാണ്. ആൺകുട്ടികൾ 75,പെൺകുട്ടികൾ 59, ഉൾപ്പടെആകെ വിദ്യാർത്ഥികൾ 134 പേരാണ്. 5 മുതൽ 10 വരെ ആണ് ക്ലാസുകൾ. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ മേൽനോട്ടത്തിൽ വിപുലമായ പരിപാടികൾ ഇവിടെ നടത്തിവരുന്നു. എല്ലാ മാസവും കുട്ടികളുടെ കലാപരിപാടികൾ സ്കൂൾ ഹാളിൽ നടത്തിവരുന്നു. കലവേദിയുടെ ആഭിമുഖ്യത്തിൽ ഫാക്റ്റ് മോഹനൻ മുതലായ പ്രമുഖരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആട്ടക്കളരി നടത്തി. നളചരിതം, പൂതനാമോക്ഷം തുടങ്ങിയവ അവതരിപ്പിച്ചു. ഗുരുദക്ഷിണ എന്ന പേരിൽ കുട്ടികളുടെ കൈയെഴുത്തുമാസിക പ്രസിദ്ധീകരിച്ചുവരുന്നു. സയൻസ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, നേച്ചർ ക്ലബ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ എന്റെമരം പദ്ധതി സജീവമായി നടപ്പിലാക്കിവരുന്നു. ക്വിസ് മത്സരങ്ങൾ, ടാലന്റ് പരീക്ഷകൾ തുടങ്ങിയവയും നടത്താറുണ്ട്. 8 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, 1025 പുസ്തകങ്ങളുള്ള ലൈബ്രറി എന്നിവയുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ വിദ്യാലയം പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നു. ദശാബ്ദങ്ങളായി എരുമേലിയുടെയും സമീപപ്രദേശങ്ങളിലെയും കുരുന്നുനാവുകളില് അറിവിന്റെ അമൃത് നൽകുന്ന എം.ടി ഹൈസ്കൂൽ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റത്തിന്റെ പാതയിലാണ്. ഇന്ന് രാവിലെ നടക്കുന്ന നവതി ആഘോഷ സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷയാകും. കനകപ്പലം ജെറുശലേം മാർത്തോമ്മ പള്ളി വികാരി റവ. ഫാ.സുബിൻ ജേക്കബ് അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. കാഞ്ഞിരപ്പള്ളി ഡിഇഒ റോഷ്‌ന, വാർഡ് അംഗങ്ങളായ സാറാമ്മ എബ്രഹാം, അൻസാരി പാടിക്കൽ, ബ്ലോക്ക് അംഗം സൂര്യകല തുടങ്ങിയവർ പങ്കെടുക്കും. വിരമിച്ച അധ്യാപകർക്ക് അനുമോദനവും യാത്രയയപ്പും മെമെന്റോയും നൽകി ആദരിക്കും.