തിരുവനന്തപുരം : ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാർട്ടിയാണ്. ട്വന്റി 20 എൻഡിഎയിലേക്കെന്ന വാർത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സർപ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒറ്റക്ക് നിന്നാൽ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയെന്നും സാബു ജേക്കബ് പ്രതികരിച്ചു.
