കർഷകരെയും പാവപ്പെട്ടവരെയും ഇടതുസർക്കാർ
ചേർത്തുനിർത്തി: ജോസ് കെ മാണി എംപി 

കോട്ടയം; കർഷകരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തിയാണ് എൽഡിഎഫ്
സർക്കാർ ഭരണകാലാവധി പൂർത്തിയാക്കി വീണ്ടും ജനവിധി തേടാൻ പോകുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കർഷകരുടെ കൈവശഭൂമിയിൽ പരിപൂർണ ഉടമസ്ഥാവകാശം നൽകുകയും നിർമാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിക്കുകയും ചെയ്തു. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ സ്റ്റിയറിങ്‌ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) സർക്കാർ കൊണ്ടുവന്നു. ഭവനരഹിതരായ ആളുകൾക്ക്‌ സമയബന്ധിതമായി
വീടുകൾ നിർമിച്ചുനൽകി. ക്ഷേമ പെൻഷനുകൾ നൽകി പാവങ്ങൾക്ക് ഒപ്പം
നിൽക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയായി മാറാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വരുന്ന ബജറ്റിൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്താൻ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ ലോപ്പസ് മാത്യു അധ്യക്ഷനായി. തോമസ് ചാഴികാടൻ, ജോസ് ടോം, ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, വിജി എം തോമസ്, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, പി സി കുര്യൻ, ബിനോ ജോൺ, കെ ആനന്ദക്കുട്ടൻ, പെണ്ണന്മ ജോസഫ്, സിറിയക് ചാഴികാടൻ, സാജൻ തൊടുക, നിർമല ജിമ്മി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!