കേരള നിയമസഭ അന്താരാഷ്ട്ര സാഹിത്യോത്സവം നാലാം പതിപ്പിന് പ്രൗഢ തുടക്കം

post

സാഹിത്യം സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ല: മുഖ്യമന്ത്രി പിണറായി വിജയൻസാഹിത്യം
സമൂഹത്തിൽ നിന്ന് വേറിട്ട് നിൽക്കേണ്ട ഒന്നല്ലെന്നും എഴുത്തുകാരന്
സാമൂഹിക, രാഷ്ട്രീയ അഭിപ്രായം ഉണ്ടായാൽ അയാൾക്ക് ഹൃദയച്ചുരുക്കം
ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനം നിയമസഭയിലെ
ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു
മുഖ്യമന്ത്രി.സ്വതന്ത്ര രാജ്യത്തിനുമേൽ ലോക സാമ്രാജ്യത്വം
ആക്രമണോത്സുകത കാണിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാമുള്ളത്.
വെനിസ്വലയിൽ പ്രസിഡന്റിനെയും ഭാര്യയെയും രാജ്യത്ത് അതിക്രമിച്ചു കടന്നു
മറ്റൊരു രാജ്യത്തെ സായുധ സംഘം തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ധിക്കാരവും
ധാർഷ്ട്യവുമാണ് അമേരിക്കൻ സാമ്രാജ്യത്വം പ്രകടിപ്പിച്ചത്.ക്യൂബയിലും
ഗ്രീൻലാൻഡിലും സമാനമായ അക്രമങ്ങൾ നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ്
പറഞ്ഞിരിക്കുന്നു. തങ്ങളുടെ വരുതിക്ക് നിൽക്കാത്ത സ്വതന്ത്ര രാജ്യങ്ങളെ
ഭീഷണിപ്പെടുത്തുന്ന സാമ്രാജ്യത്വ നടപടിക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്.
ലോകം നേരിടുന്ന ഈ ഭീഷണി പ്രബുദ്ധരായ വായനാലോകത്തിന്റെ ചർച്ചയിൽ
ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മത-സാമുദായിക സൗഹാർദ്ദത്തിന്
വെല്ലുവിളി നേരിടുന്ന സമകാലിക സാഹചര്യത്തിൽ എഴുത്തുകാർ നിഷ്പക്ഷത
പുലർത്തുകയല്ല വേണ്ടത്. നാടിന്റെ ഐക്യം തകർക്കുന്ന ശക്തികൾക്കെതിരായി,
നാടിന്റെ സമാധാനത്തിന് വേണ്ടി നിലകൊള്ളുകയാണ് വേണ്ടത്.ജീവിതത്തെ
കൂടുതൽ ജീവിതയോഗ്യമാക്കാൻ പുസ്തകങ്ങൾ പ്രയോജനപ്പെടുമെന്ന് പറഞ്ഞ
മുഖ്യമന്ത്രി ജാതി-മത സ്പർധ ഉണ്ടാക്കാൻ ആസൂത്രിതമായ സമരങ്ങൾ നടക്കുന്ന
വർത്തമാനകാലത്ത് എഴുത്തുകാരും വായനക്കാരും ഇത് ചെറുക്കാൻ
ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു.നിയമസഭ
പുരസ്‌കാരം ലഭിച്ച എൻ എസ് മാധവന്റെ ‘തിരുത്ത്’, ‘മുംബൈ’ എന്നീ കഥകൾക്ക്
പൗരത്വത്തിന് മതം അടിസ്ഥാനമാകുന്ന നിലവിലെ ഭീതിദ സാഹചര്യത്തിൽ സവിശേഷ
പ്രധാന്യമുള്ളതായി മുഖ്യമന്ത്രി ഓർമിപ്പിച്ചു.ലോകത്ത് എവിടെ വായന
മരിച്ചാലും നാടൊട്ടുക്ക് പുസ്തകോത്സവങ്ങളും വിർച്വൽ വായനയും നടക്കുന്ന
കേരളത്തിൽ വായന ഇല്ലാതാകില്ല. വായനയിലൂടെ മലയാളി ആർജ്ജിച്ച അപരസ്‌നേഹം
കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാൻ സഹായിച്ച ഒരു ഘടകമാണെന്ന്
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.നിയമസഭ പുരസ്‌കാരം മുഖ്യമന്ത്രിയിൽ
നിന്ന് എൻ എസ് മാധവൻ ഏറ്റുവാങ്ങി. കെ വി സുധാകരൻ എഴുതി സംസ്ഥാന ബാലസാഹിത്യ
ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വി എസ്: സമരം, ചരിത്രം, ഇതിഹാസം’,
ചിന്ത പ്രസിദ്ധീകരിച്ച, ‘അമേരിക്ക ടു മക്ക’ (രചയിതാവ്: ഡോ. കെ ടി ജലീൽ),
‘പവിത്രം പത്മനാഭം’ (രചയിതാവ്: ഡോ. വി എസ് രാജേഷ്) എന്നീ പുസ്തകങ്ങൾ
സ്പീക്കർ എ എൻ ഷംസീറിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.പരിപാടിയിൽ
സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. ഇന്ത്യയിലെ മികച്ച പുസ്തകോത്സവമായി
കെഎൽഐബിഎഫ് മാറിയതായി സ്പീക്കർ പറഞ്ഞു. പുസ്തകം കയ്യിലെടുത്തുകൊണ്ടുള്ള
പരമ്പരാഗത വായനയെ ഇന്റർനെറ്റ് സാഹിത്യം മറികടക്കില്ലെന്ന് അദ്ദേഹം
നിരീക്ഷിച്ചു.ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടേണ്ടി
വരുന്ന കെട്ട കാലത്ത് വായനയിലൂടെയാണ് പ്രതിരോധം തീർക്കേണ്ടതെന്ന്
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.2025 ലെ ബുക്കർ സമ്മാന ജേതാവ്
ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ.
ക്രിസ്റ്റഫർ കെ കലില എംപി, മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി,
രാമചന്ദ്രൻ കടന്നപ്പള്ളി, സാഹിത്യകാരൻ ടി പത്മനാഭൻ, ചീഫ് വിപ്പ് എൻ ജയരാജ്
എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!