എസ്ഐആറിൽ പുറത്ത് 24.81 ലക്ഷം പേർ
തിരുവനന്തപുരം :എസ്ഐആർ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് പട്ടിക സംസ്ഥാനത്ത് 23നു പ്രസിദ്ധീകരിച്ച ശേഷം പുതിയ വോട്ടർമാരെ ചേർക്കാൻ പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കും. ഫോം 6 വഴി സംസ്ഥാനത്തുള്ള വോട്ടർമാർക്കും ഫോം 6 എ വഴി പ്രവാസി വോട്ടർമാർക്കും അപേക്ഷിക്കാം. ഓൺലൈനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെയോ (സിഇഒ) വെബ്സൈറ്റ് വഴിയും അപേക്ഷിക്കാനാകും. അല്ലെങ്കിൽ ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വഴിയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരായ (ഇആർഒ) ഡപ്യൂട്ടി കലക്ടർമാർ വഴി നേരിട്ടോ അപേക്ഷകൾ നൽകാം.
എസ്ഐആർ പ്രക്രിയയ്ക്കിടെ 2.9 ലക്ഷം പേർ സാധാരണ വോട്ടർമാരാകാനും 15,157 പേർ പ്രവാസി വോട്ടർമാരാകാനും അപേക്ഷ നൽകിയിരുന്നെന്നും ഇവയിലെ നടപടികൾ 23നു ശേഷം ആരംഭിക്കുമെന്നും സിഇഒ ഡോ. രത്തൻ യു.കേൽക്കർ അറിയിച്ചു. എസ്ഐആർ കരട് പട്ടികയിൽനിന്ന് ഇതുവരെ പുറത്തായവർ 24.81 ലക്ഷമാണെന്ന് (8.91%) അദ്ദേഹം വ്യക്തമാക്കി. ഇതിൽ മരിച്ചവർ 6.49 ലക്ഷം, കണ്ടെത്താനാവാത്തവർ 6.89 ലക്ഷം, സ്ഥലംമാറി പോയവർ 8.21 ലക്ഷം, രണ്ടിടത്ത് വോട്ടുള്ളവർ 1.34 ലക്ഷം, ഫോം വാങ്ങാൻ തയാറാകാത്തവർ 1.86 ലക്ഷം എന്നിങ്ങനെയാണ് എണ്ണം. കരട് പട്ടിക പുറത്തിറക്കും മുൻപു തന്നെ പുറത്താകാൻ സാധ്യതയുള്ളവരുടെ (എഎസ്ഡി) പട്ടിക പ്രസിദ്ധീകരിച്ചത് കേരളത്തിൽ മാത്രമാണ്. ഇവരിൽ രാഷ്ട്രീയപാർട്ടി പ്രവർത്തകർക്കു വ്യാഴാഴ്ച കണ്ടെത്താനായവരെ കൂടി ഉൾപ്പെടുത്തുന്നതോടെ എണ്ണത്തിൽ വ്യത്യാസം വരും. 23നു കരട് പട്ടികയ്ക്കൊപ്പം പുറത്താകുന്നവരുടെ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കും. ഇതുവരെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷൻ 100% ആയി.ഇന്നു മുതൽ 23 വരെ കരട് പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങൾ മാത്രമാണു നടത്തുക. എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് ഇന്നലെ പൂർത്തിയായതായും സിഇഒ അറിയിച്ചു.

സൈബർ പൊലീസിനു പരാതി
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു സമർപ്പിക്കാത്തവരും മരിച്ചവരും
സ്ഥലംമാറിപ്പോയവരും ഉൾപ്പെടെ ഫോം നൽകാനാവാത്തവരുമായവരുടെ പട്ടിക
പ്രസിദ്ധീകരിച്ചപ്പോൾ അന്തിമ പട്ടികയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ
പ്രചാരണം നടത്തിയവർക്ക് എതിരെ സൈബർ പൊലീസിന് പരാതി നൽകിയതായി സിഇഒ
അറിയിച്ചു. കരട് പട്ടിക 23നു പുറത്തിറക്കിയ ശേഷം ഒരു മാസം പരാതികളും
അവകാശവാദങ്ങളും ഇആർഒയ്ക്കു സമർപ്പിക്കാം. നോട്ടിസ് നൽകി എത്ര പേരെ
തെളിവെടുപ്പിനു വിളിക്കണമെന്ന് ഇആർഒ തീരുമാനിക്കും. ഇആർഒയുടെ തീരുമാനം
തൃപ്തികരമല്ലെങ്കിൽ 15 ദിവസത്തിനകം കലക്ടർക്കും ആ തീരുമാനത്തിന് എതിരെ 30
ദിവസത്തിനകം സിഇഒയ്ക്കും പരാതി നൽകാം. അന്തിമപട്ടിക ഫെബ്രുവരി 21നാണു
പ്രസിദ്ധീകരിക്കുക.