ബംഗളൂരു: ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ
8.10നായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയായ അദ്ദേഹം
ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ
കഴിയുകയായിരുന്നു.
1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ
ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്നു മാനുവല്‍.
അദ്ദേഹത്തിന്റെ ഗോൾ കീപ്പിംഗ് മികവിലൂടെയാണ് ഇന്ത്യ അന്ന്
മെഡൽ നേടിയത്. 1973 ഹോളണ്ട് ലോകകപ്പിലും 1978 അർജന്റീന
ലോകകപ്പിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.
ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്കായി കളിച്ച താരത്തെ ദ് ടൈഗർ
എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പെനാൽറ്റി
സ്ട്രോക്കുകൾ തടുക്കുന്നതിലുള്ള മികവാണ് അദ്ദേഹത്തെ ഈ
പേരിന് അർഹനാക്കിയത്. കായികരംഗത്തെ സംഭാവനകൾക്ക്
രാജ്യം 2019ൽ അദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്കാരം നൽകി
ആദരിച്ചു. ഭാര്യ: പരേതയായ ശീതള. മക്കൾ: ഫ്രെഷീന
പ്രവീൺ (ബംഗളൂരു), ഫെനില (മുംബൈ). മരുമക്കൾ: പ്രവീൺ
(ബംഗളൂരു), ടിനു തോമസ് (മുംബൈ).
