ബംഗളൂരു : ഒളിമ്പിക്‌സിൽ ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളുരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയാണ്. 1972ലെ മ്യൂണിക് ഒളിംപിക്‌സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. 1978ൽ അർജന്റീന ബ്യൂണസ് ഐറിസിൽ നടന്ന ലോകകപ്പിലാണ് മാനുവൽ ഫ്രെഡറിക് ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഗോൾമുഖത്തെ കടുവ എന്നാണ് മാനുവൽ ഫ്രെഡറിക് അറിയപ്പെട്ടിരുന്നത്.
കായികരംഗത്തെ സംഭാവനകൾക്ക് രാജ്യം 2019ൽ അദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു. 16 ദേശീയ ചാമ്പ്യൻഷിപ്പുകൾ ടൈബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും സ്വന്തമാക്കി. ഫുട്ബോളിൽ സ്ട്രൈക്കറായും ഹോക്കിയിൽ ഗോൾകീപ്പറായും തുടങ്ങിയ മാനുവൽ ഫ്രെഡറിക് കണ്ണൂർ ബിഇഎം സ്‌കൂളിലെ ഫുട്ബോൾ ടീം വഴിയാണ് ഹോക്കിയിൽ സജീവമായത്. 17-ാം വയസിൽ ബോംബെ ഗോൾഡ് കപ്പിലും കളിച്ചു. ബംഗളൂരു ആർമി സർവീസ് കോറിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. അന്തരിച്ച ശീതളയാണ് ഭാര്യ. ഫ്രെഷീന പ്രവീൺ (ബംഗളൂരു), ഫെനില (മുംബയ്) എന്നിവർ മക്കളാണ്.