പി​ന്നോ​ട്ടി​ല്ല; നി​ല​പാ​ടി​ലു​റ​ച്ച് സി​പി​ഐ

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ എൻ.ഇ.പി സിലബസ് നടപ്പാക്കില്ലെന്ന്
ഉറപ്പുവരുത്താൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന സി.പി.എം നിർദ്ദേശം
ഇന്നലെ ഓൺലൈനായി ചേർന്ന സി.പി.ഐ സെക്രട്ടേറിയറ്റ് തള്ളിയതോടെ സമവായനീക്കം പാളി. പദ്ധതിയുടെ
ധാരണാ പത്രം റദ്ദാക്കി ഉത്തരവിറക്കി കേന്ദ്രത്തെ അറിയിക്കണമെന്ന കർശന
നിലപാടിൽ ഉറച്ചുനിൽക്കാനാണ് സി.പി.ഐ തീരുമാനം.പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാവുന്നില്ലെങ്കിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിൽക്കും. രാവിലെ 10ന്
നടക്കേണ്ട മന്ത്രിസഭായോഗം ഉച്ചകഴിഞ്ഞ് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്.
വീണ്ടുമൊരു അനുനയ ചർച്ചയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തിയാണ് ഈ മാറ്റം.
അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ
നേതൃത്വവുമായി ചർച്ച നടത്തിയേക്കും.

സി.പി.എമ്മിന്റെ തീരുമാനം അറിഞ്ഞ ശേഷം ഇന്ന് ഉച്ചയ്ക്കുമുമ്പ് വീണ്ടും
സി.പി.ഐ സെക്രട്ടേറിയറ്റ് ചേർന്നാവും തുടർ നടപടി കൈക്കൊള്ളുക.
ഒത്തുതീർപ്പായില്ലെങ്കിൽ മന്ത്രിസഭായോഗത്തിൽ നിന്ന് സ്ഥിരമായി
വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കും.
തങ്ങളുന്നയിക്കുന്ന ആവശ്യങ്ങൾ കാട്ടി സി.പി.ഐ മന്ത്രിമാർ കഴിഞ്ഞ ദിവസം
ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. പദ്ധതിയിൽ നിലപാട്
മാറ്രിയില്ലെങ്കിൽ മന്ത്രിസഭായോഗത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്നും കത്തിൽ
പറഞ്ഞിരുന്നു. അടുത്ത മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പ് സി.പി.ഐ സംസ്ഥാന
കൗൺസിലും ചേരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!