കത്തിക്കരിഞ്ഞ മൃതദേഹത്തിൽ അവശേഷിച്ചത് പകുതി മുഖവും കൈകാലുകളും മാത്രം; ആധാർ വിരലടയാളം വഴി തിരിച്ചറിയാൻ നീക്കം

കോഴിക്കോട് : എട്ട് വർഷം മുമ്പ് പയിമ്പ്ര പോലൂർ ക്ഷേത്രത്തിന് സമീപം കത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാൻ പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്. മൃതദേഹത്തിൽ കത്താതെ ശേഷിച്ച ഭാഗത്ത് നിന്നും കണ്ടെടുത്ത സാമ്പിൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ നൽകി തിരിച്ചറിയാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ സാമ്പിൾ പരിശോധനയ്‌ക്ക് അയക്കാനാകും.പകുതി മുഖവും തലയുടെ പിൻഭാഗവും കൈ കാലുകളും മാത്രമാണ് മൃതദേഹത്തിൽ കത്താതെ അവശേഷിച്ചിരുന്നത്. വസ്‌ത്രത്തിന്റെ കുറച്ച് ഭാഗങ്ങളും ലഭിച്ചിരുന്നു. കഴുത്തിൽ പ്ലാസ്റ്റിക്ക് കുരുക്ക് മുറുക്കിയ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്ന് ലഭിച്ച വിരലടയാളം യുഡായിൽ നൽകി. ആധാറിൽ വിരലടയാളം തിരിച്ചറിഞ്ഞ് ആളുടെ വിവരം ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഈ കാലയളവിൽ കാണാതായവരുടെ ബന്ധുക്കളിൽ നിന്ന് രക്ത സാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താനും നീക്കമുണ്ട്.

ചേവായൂർ പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2018ൽ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവിഷൻ അന്വേഷണം തുടങ്ങി. തെളിവുതേടി സമൂഹ മാദ്ധ്യമങ്ങൾ നിരീക്ഷിക്കുന്നതിനിടെ ബംഗ്ലാദേശ് സ്വദേശിയായ ഇസ്ലം മോസം എന്നയാളുടെ ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് പോസ്റ്റുകൾ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തന്റെ ബന്ധുവിനെ കാണാനില്ലെന്ന വിവരം ഇയാൾ പോസ്റ്റിട്ടിരുന്നു. കുടവയറും തടിച്ച ശരീര പ്രകൃതവുമെന്നായിരുന്നു പോസ്റ്റിൽ സൂചിപ്പിച്ചിരുന്നത്.മൃതദേഹം 30നും 40നും ഇടയിൽ പ്രായമുള്ള ആളുടേതാകാം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ അനുമാനം. ഇസ്ലം മോസം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ഫോട്ടോയിലെ ആളിന് 36 വയസായിരുന്നു. ഇയാളുടെ ചിത്രവും ബന്ധുക്കളുടെ വിവരങ്ങളുമെല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നീട് കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. മരിച്ച യുവാവിന്റെ തലയോട്ടി തമിഴ്‌നാട് പൊലീസുമായി ചേർന്ന് സൂപ്പർ ഇംപോസിഷനിലൂടെ രൂപചിത്രം നിർമിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസം കാരണം കഴിഞ്ഞില്ല.

One thought on “കത്തിക്കരിഞ്ഞ മൃതദേഹത്തിൽ അവശേഷിച്ചത് പകുതി മുഖവും കൈകാലുകളും മാത്രം; ആധാർ വിരലടയാളം വഴി തിരിച്ചറിയാൻ നീക്കം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!