കൊച്ചി : കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു. മകന്‍ ജെസിന്‍ (23) ആണ് ഇവരെ കുത്തിപ്പരിക്കേല്‍പിച്ചത്. ജെസിന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പണം ചോദിച്ചെത്തിയ ജെസിനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഗ്രേസിയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗ്രേസി ചികിത്സ തേടി.വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് സംഭവം. ലിസി ആശുപത്രിക്ക് സമീപം കട നടത്തുകയാണ് ഗ്രേസി ജോസഫ്. ഇവിടെയെത്തിയ ജെസിന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ തരില്ലെന്ന് ഗ്രേസി പറഞ്ഞതോടെ കടയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാന്‍ എത്തിയ ഗ്രേസി ജോസഫിന്റെ ഭര്‍ത്താവിനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
സംഭവത്തിന് പിന്നാലെ ജെസിന്‍ ഒളിവിലാണ്. ഇയാള്‍ വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്നാണ് വിവരം. ഇതിനുമുമ്പും പലതവണ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.