പൂഞ്ഞാർ :സമരകാലത്ത് വി.എസ്. ക്രൂരമായ ലോക്കപ്പ് മർദനത്തിനിരയായതും മരിച്ചെന്നുകരുതി ഉപേക്ഷിക്കാൻ പോലിസ് ജീപ്പിൽ കൊണ്ടുപോയതും അടക്കം സംഭവപരമ്പരകൾ അരങ്ങേറിയത് പൂഞ്ഞാറിലാണ്.രണ്ടുതവണയാണ് വി.എസ്. പൂഞ്ഞാറിലെത്തിയത്. പൂഞ്ഞാറിലെ പ്രവർത്തകർ ജയിലിലായപ്പോൾ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് ആദ്യമെത്തിയത്. അതുകഴിഞ്ഞ് മടങ്ങി പുന്നപ്ര-വയലാർ സമരകാലത്ത് ആലപ്പുഴയിൽ നിൽക്കാനാവാതെ വന്നപ്പോൾ നേരെ പൂഞ്ഞാറിലുള്ള വൈദ്യൻ വാലാനിക്കൽ ഇട്ടിണ്ടാന്റെ വീട്ടിൽ ഒളിച്ചു താമസിക്കാനെത്തി. ഇട്ടിണ്ടാന്റെ മകൻ സഹദേവനുമായി വി.എസിന് അടുപ്പമുണ്ടായിരുന്നു. വൈദ്യനായതിനാൽ വീട്ടിൽ എപ്പോഴും പുറത്തുനിന്നുള്ളവർ വരും. ഇത് ഒളിവുജീവിതത്തിന് തടസ്സമായതോടെ ഇവരുടെ ബന്ധുവായ മാധവന്റെ വീട്ടിലേക്ക് മാറി. ദിവസവും രണ്ടുനേരവും കുളിക്കണമെന്ന ശീലത്തിന് ഒളിവുജീവിതത്തിലും മാറ്റംവരുത്തിയില്ല വി.എസ്.
സമീപത്തെ തോട്ടിൽ നാട്ടുകാരനല്ലാത്ത ഒരാൾ ദിവസവും വരുന്ന വിവരം പോലീസ് അറിഞ്ഞു. കുളിക്കുന്നതിനിടെ ഒളിച്ചിരുന്ന് പിടികൂടി. എന്നാൽ, പോലീസിന് അറിയില്ലായിരുന്നു ഇത് വി.എസ് ആണെന്ന്. ഈരാറ്റുപേട്ടയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ക്രൂരമായ മർദനമുറകൾക്കിരയാക്കി. ഉയർന്ന ഉദ്യോഗസ്ഥൻ എത്തിയപ്പോഴാണ് പിടിയിലായത് വി.എസ് ആണെന്നറിഞ്ഞത്. പിന്നെ പോലീസ് ആ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു.
രക്തമുറയുന്ന മർദനമുറകൾക്കൊടുവിൽ ബോധമറ്റു വീണ വി.എസ് മരിച്ചെന്നു കരുതി മൃതദേഹം പൊലീസ് ജീപ്പിൽ കൊണ്ടു പോയി ഉപേക്ഷിക്കാൻ നിർദേശിച്ചു. കൂട്ടിന് വിട്ടത് ലോക്കപ്പിൽ കൂടെയുണ്ടായിരുന്ന ഒരു മോഷ്ടാവിനെയായിരുന്നു. ജീപ്പിൽ സഞ്ചരിക്കവെ മോഷ്ടാവാണ് വി.എസ് മരിച്ചിട്ടില്ലെന്നും അനക്കമുണ്ടെന്നും കണ്ടത്തിയത്. തുടർന്ന് പാലായിലെ ആശുപത്രിയിലെത്തിച്ചതോടെയാണ് അദ്ദേഹത്തിനു ജീവിതത്തിലേക്കു മടങ്ങി വരാനായത്
