അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം:അഭിമാന ബോധമില്ലാതെ കൈക്കൂലി വാങ്ങുന്നത് മാത്രമല്ല, അകാരണമായി സേവനങ്ങള്‍ വൈകിപ്പിക്കുന്നതും ലഭ്യമാക്കാതിരിക്കുന്ന  പ്രവണതയും അഴിമതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം വിജിലന്‍സ് കോടതിയുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം 680 വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 236 ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.  അഴിമതിയെ പൂര്‍ണമായും തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ഫലം അര്‍ഹതയുള്ള എല്ലാവരിലേക്കും എത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിജിലന്‍സ് സംവിധാനം കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ട്. കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ കോടതി സജ്ജമാക്കിയത്. ഇതോടെ നീതിന്യായ നിര്‍വഹണ പ്രക്രിയ കൂടുതല്‍ ഊര്‍ജിതമാകുകയും കേസുകള്‍ക്ക് അതിവേഗം തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.    

സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന സൗകര്യം വികസനം നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ജില്ലാ കോടതി സമുച്ചയം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
അഴിമതിരഹിത കേരളം സൃഷ്ടിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടു വയ്പ്പാണ് വിജിലന്‍സ് കോടതിയെന്നും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നത് പൊതുജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിധിയിലുള്ള കേസുകളാണ് ഇവിടെ പരിഗണിക്കുക. മതിലില്‍ വെങ്കേക്കര ദാസ് ആര്‍ക്കേഡ് കെട്ടിടത്തില്‍ നടന്ന പരിപാടിയില്‍ ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനായി.  ഹൈക്കോടതി ജഡ്ജി കൗസര്‍ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തി.
എം. മുകേഷ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.വി. രാജു, വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് എ മനോജ്, ഡി.ഐ.ജി കെ. കാര്‍ത്തിക്, സതേണ്‍ റെയ്ഞ്ച് എസ് പി വി. അജയകുമാര്‍, വാര്‍ഡ് അംഗം ടെല്‍സ തോമസ്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ.കെ. മനോജ്, വിജിലന്‍സ് ജഡ്ജി എ.മനോജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!