കോട്ടയം: ബിജെപിയെ കേരളത്തില്‍ അധികാരത്തിലെത്തിച്ച ശേഷമേ താന്‍ മടങ്ങുകയുള്ളൂവെന്നും പ്രവര്‍ത്തകര്‍ 100 ശതമാനം അധ്വാനിച്ചാല്‍ താന്‍ 500 ശതമാനം അധ്വാനിക്കാന്‍ തയാറാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന വ്യാപകമായി നടന്നത്തുന്ന വികസിത കേരളം കണ്‍വന്‍ഷന്റെ കോട്ടയം വെസ്റ്റ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
മൂന്നര കോടി മലയാളികളുടെ വികസനവും പുരോഗതിയും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യം. വാഗ്ദാനം കൊടുത്ത ശേഷം ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. വര്‍ഷങ്ങളോളം കേന്ദ്രം ഭരിച്ച് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതിനാലാണ് കോണ്‍ഗ്രസിനെ ജനം കൈവിട്ടത്. കേരളത്തില്‍ കടം എടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവാത്ത വിധം എല്‍ഡിഎഫ് എത്തിച്ചു. നരേന്ദ്രമോദിയുടെ പണം വാങ്ങി തങ്ങളുടെ പദ്ധതിയായി ജനങ്ങളെ കബളിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ജനങ്ങളെ മാറി ചിന്തിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, വൈസ് പ്രസിഡന്റ് എ.എം. രാധാകൃഷ്ണന്, അഡ്വ. നാരായണന് നമ്പൂതിരി, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, എസ്. ജയസൂര്യന്‍, ജിജി ജോസഫ്, അശോകന് കുളനട, എന്‍. ഹരി, ഷോണ്‍ ജോര്‍ജ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍.പി. സെന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ രാജീവ് ചന്ദ്രശേഖറെ വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ വലിയ ഹാരമണിയിച്ചാണ് സ്വീകരിച്ചത്.
വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെയാണ് സംസ്ഥാന അധ്യക്ഷനെ സമ്മേളന ഹാളിലേക്ക് സ്വീകരിച്ചത്. വികസിത കേരളം കണ്‍വന്‍ഷന്റെ ഭാഗമായി രാവിലെ കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തില്‍ കോട്ടയം ഈസ്റ്റ് കണ്‍വന്‍ഷനും രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പാര്‍ട്ടി ചുമതലക്കാരും പ്രവര്‍ത്തകരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
