100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം : സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻഎബിഎച്ച് ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുർവേദ ഡിസ്പെൻസറികൾക്കും ഒരു സിദ്ധ ഡിസ്പെൻസറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെൻസറികൾക്കുമാണ് എൻഎബിഎച്ച് അംഗീകാരം ലഭ്യമായിരിക്കുന്നത്. ആദ്യഘട്ടത്തിൽ 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങൾക്കാണ് എൻഎബിഎച്ച് അംഗീകാരം ലഭിച്ചിരിക്കുന്നത്. 
എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആരോഗ്യ സേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മാത്രമല്ല സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും ഇത് മുതൽക്കൂട്ടാകും. ആരോഗ്യ സ്ഥാപനങ്ങൾ വിവിധ ഗുണമേന്മാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എൻഎബിഎച്ച് സർട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീ സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻഎബിഎച്ച് അംഗീകാരം ലഭ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!