തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് സർക്കാരിനില്ലെന്നും ഓണറേറിയം ഉടൻ വർധിപ്പിക്കാനാവില്ലെന്നും മന്ത്രി വീണാ ജോർജ്. വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂവെന്നും മന്ത്രി പറഞ്ഞു.
ആശ പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 2006 ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ ഉടൻ നേരിൽ കാണും. ഈ കാര്യം സമരക്കാരെ അറിയിച്ചു. സമരത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചു. സമരക്കാർ പറഞ്ഞതെല്ലാം അനുഭാവ പൂർവം കേട്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കടുപ്പിക്കാൻ തീരുമാനം. വ്യാഴാഴ്ച രാവിലെ 11 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി പറഞ്ഞു.
നേരത്തെ എന്‍എച്ച്എം ഡയറക്ടര്‍ ഡോ.വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചത്. നിയമസഭയിൽ മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച.
ആശാപ്രവര്‍ത്തകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിച്ചില്ലെന്നും ഓണറേറിയം ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും പുതിയ നിര്‍ദ്ദേശങ്ങളോ പരിഗണനകളോ മന്ത്രി തല ചർച്ചയിലും ഉണ്ടായില്ലെന്നും സമരക്കാര്‍ അറിയിച്ചു.
വ്യാഴാഴ്ച മുതൽ എം.എം.ബിന്ദു, തങ്കമണി എന്നിവര്‍ നിരാഹാരം ആരംഭിക്കുമെന്നും സമരക്കാര്‍ വ്യക്തമാക്കി. നിരാഹാര സമരം ആരംഭിക്കും മുന്‍പ് ചര്‍ച്ചയ്ക്ക് വിളിച്ചു എന്ന് വരുത്തി തീര്‍ക്കുക മാത്രമായിരുന്നു മന്ത്രി തല ചര്‍ച്ചയുടെ ലക്ഷ്യമെന്നും സമരക്കാര്‍ ആരോപിച്ചു.
ചര്‍ച്ചയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി.
