കൊച്ചി : തിങ്കളാഴ്ച അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരംബുധനാഴ്ച. മൃതദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ 11 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് തൈക്കൂടത്തെ വീട്ടിലെത്തിക്കും. രണ്ടുമണിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് സംസ്കാരം. പ്രമുഖ ഗാനരചയിതാവും അന്യഭാഷാ സിനിമകളെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി ശ്രദ്ധേയനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് (78) കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്.ഇരുനൂറിലേറെ മലയാള സിനിമകളിലായി എഴുനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തോളം സിനിമകള്‍ക്കു തിരക്കഥയെഴുതി. ബാഹുബലി, ആര്.ആര്.ആര്, യാത്ര, ധീര, ഈച്ച, ദേവര തുടങ്ങി ഇരുനൂറിലേറെ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും ഗാനങ്ങളും രചിച്ചു.നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന് എം.എസ്. വിശ്വനാഥന്, ദേവരാജന്‍, എം.കെ. അര്ജുനന്, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എ.ആര്. റഹ്മാന്, കീരവാണി, ഹാരിസ് ജയരാജ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.