പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി 22 ന് മുണ്ടക്കയത്ത്

മുണ്ടക്കയം :പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി ഈ മാസം 22-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്നു. “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ , എല്ലാ സേവനങ്ങളും സ്മാർട്ട് ” എന്ന മുദ്രാവാക്യം മുൻനിർത്തി റവന്യൂ വകുപ്പ് കഴിഞ്ഞ മൂന്നര വർഷത്തിലധികമായി സംസ്ഥാനത്ത് പട്ടയ നടപടികൾ ഉൾപ്പെടെ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബഹു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ഇതിനോടകം തന്നെ ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം ആളുകൾക്ക് പട്ടയം നൽകിക്കഴിഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾക്ക് പട്ടയം നൽകിയ ഗവൺമെന്റ് ആയി ഈ ഗവൺമെന്റ് മാറിക്കഴിഞ്ഞു. ഈ സർക്കാരിന്റെ കാലാവധി പൂർത്തീകരിക്കുന്നതിന് മുൻപ് മൂന്നുലക്ഷം പട്ടയം നൽകുന്നതിനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പട്ടയ മിഷൻ രൂപീകരിച്ച് ഓരോ നിയോജകമണ്ഡലവും കേന്ദ്രീകരിച്ച് പട്ടയ അസംബ്ലികൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് പൂഞ്ഞാറിലും പട്ടയ അസംബ്ലി നടക്കുന്നത്.

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പട്ടയ വിതരണ രംഗത്ത് ഇതിനോടകം തന്നെ ചരിത്ര നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടായി പട്ടയത്തിന് മുറവിളി ഉയർന്നിരുന്ന എയ്ഞ്ചൽവാലിയിലെയും, പമ്പാവാലിയിലെയും രണ്ടായിരത്തോളം കൈവശക്കാർക്ക് ഇതിനോടകം പട്ടയം നൽകുന്നതിനു കഴിഞ്ഞു. ഇതുകൂടാതെ കോരുത്തോട്, എരുമേലി, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലായി പതിനായിരത്തോളം വരുന്ന ഹിൽമെൻ സെറ്റിൽമെന്റിൽ പെട്ട പട്ടയ അപേക്ഷകർക്ക് പട്ടയം നൽകുന്നതിനുള്ള സർവ്വേ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച് ധൃതഗതിയിൽ നടന്നുവരികയാണ്. ഇതിനായി പുതുതായി 17 തസ്തികകൾ സൃഷ്ടിച്ച് മുണ്ടക്കയത്ത് സ്പെഷ്യൽ തഹസിൽദാർ ഓഫീസും സ്ഥാപിച്ച് പ്രവർത്തിച്ചുവരികയാണ്. കൂടാതെ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ രാജീവ് ഗാന്ധി നഗറിലും , ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമുഴി പ്രദേശത്തെ കടപ്ലാക്കൽ ഭാഗത്തും , തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ഉൾപ്പെടെ നിരവധിയായ ആളുകൾക്ക് പട്ടയം നൽകിക്കഴിഞ്ഞു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പട്ടയ അപേക്ഷകൾ നൽകി കാത്തിരിക്കുന്ന മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന് ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടത്തിവരികയാണ്. ഇവയൊക്കെ ഊർജ്ജിതപ്പെടുത്തുന്നതിനും, തടസ്സങ്ങൾ പരിഹരിക്കുന്നതിനും, സമയബന്ധിതമായി പട്ടയ നടപടികൾ പൂർത്തീകരിക്കുന്നതിനും പട്ടയ അസംബ്ലി ഉപകരിക്കുമെന്ന് കരുതുന്നു. നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ത്രിതല പഞ്ചായത്ത് മെമ്പർമാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പട്ടയ അസംബ്ലിയിൽ ഉന്നയിക്കാവുന്നതാണ്. കാഞ്ഞിരപ്പള്ളി,മീനച്ചിൽ താലൂക്കുകളിലെ പട്ടയവുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും, കൂടാതെ ജില്ലാതല ഉദ്യോഗസ്ഥരും പട്ടയ അസംബ്ലിയിൽ സംബന്ധിക്കുന്നതാണ്. തങ്ങളുടെ പ്രദേശത്ത് ഭൂമിക്ക് പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉള്ള എല്ലാ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പട്ടയ അസംബ്ലിയിൽ സംബന്ധിക്കണമെന്ന് എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭ്യർത്ഥിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!