തോപ്പുംപടി : പൊക്കാളിപ്പാടങ്ങളില്‍ കവര് പൂത്തുതുടങ്ങി. നിലാവെളിച്ചമില്ലാത്ത രാവുകളില്‍, ജലാശയങ്ങളില്‍ കാണുന്ന നീലവെളിച്ചമാണ് കവര്. വേനല്‍ കനക്കുമ്പോള്‍, പാടശേഖരങ്ങളിലെ വെള്ളത്തില്‍ ഉപ്പ് കൂടും. ഈ സമയത്താണ് വെള്ളത്തില്‍ നീലവെളിച്ചം കാണുന്നത്. തിളങ്ങുന്ന നീലനിറമായിരിക്കും വെള്ളത്തിന്. ചെറുതായൊന്ന് ചലിപ്പിച്ചാല്‍ വെള്ളം, നീലനിറത്തില്‍ വെട്ടിത്തിളങ്ങും. ആരെയും മോഹിപ്പിക്കുന്ന കാഴ്ചയാണത്. കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലാണ് കവര് കാണുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും വിശാലമായ പൊക്കാളി പാടങ്ങളുണ്ട്.വേനലാകുമ്പോള്‍ ഇവിടമെല്ലാം ഉപ്പ് നിറഞ്ഞു കിടക്കും. കുംഭ, മീനമാസ രാത്രികളിലെ കൂരിരുട്ടില്‍, ജലാശയങ്ങളിലെ വെള്ളം വെട്ടിത്തിളങ്ങുന്ന കാഴ്ച കാണുന്നതിന് ഈ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും.
കഴിഞ്ഞ വര്‍ഷം കുമ്പളങ്ങിയില്‍ മാത്രം ലക്ഷങ്ങളാണ് കൗതുകക്കാഴ്ച കാണാനെത്തിയത്. കുമ്പളങ്ങി ടൂറിസം ഗ്രാമത്തിലെ ഒരു ടൂറിസം പ്രോഡക്ടായി കവര് മാറിയിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം കുമ്പളങ്ങിയിലെ പൊക്കാളിപ്പാടങ്ങളിലേക്ക് രാത്രികാലങ്ങളില്‍ ജനപ്രവാഹമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ കവര് കണ്ടുതുടങ്ങിയിരുന്നു. ഇക്കുറി ചെല്ലാനം പ്രദേശങ്ങളിലാണ് കവര് കാണുന്നത്. വേലിയേറ്റം ശക്തമായതിനാല്‍ കവര് കാണല്‍ വൈകിഇപ്പോള്‍ പുലര്‍ച്ചെ രണ്ടിനുശേഷമാണ് കവര് കാണുന്നത്. വെളുത്തവാവ് കഴിഞ്ഞാല്‍ ചന്ദ്രന്റെ ഗതിമാറും. അതായത് മാര്‍ച്ച് പകുതി കഴിഞ്ഞാല്‍, സന്ധ്യാസമയത്തുതന്നെ കവര് എല്ലാ ഭാഗത്തും കാണാനാകും.