കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പട്ടയം അസംബ്ലി കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ അധ്യക്ഷതയിൽ നടത്തി. ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ കെ.എം. ജോസുകുട്ടി, ഡെപ്യൂട്ടി തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ കീഴിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഓരോ വാർഡ് തലത്തിലെ യും പട്ടയപ്രശ്നങ്ങൾ ചർച്ച ചെയ്തു. മണിമല പഞ്ചായത്തിലെ ആലപ്ര പ്രദേശത്തെ 668 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നില്ലെന്നു പരാതി ലഭിച്ചു. വനഭൂമിയായതുകൊണ്ട് സുപ്രീംകോടതിയുടെ സ്റ്റേ ഉള്ളതിനാലാണ് ഇവർക്ക് പട്ടയം ലഭിക്കാത്തത്. ഈ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു.
ആലംപരപ്പ് കോളനിയിലെ 104 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാത്തത് സംബന്ധിച്ച് യോഗത്തിൽ പരാതി ലഭിച്ചു. ഈ സ്ഥലം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പേരിലായതിനാൽ സർക്കാരിന്റെ ഓർഡർ ലഭിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി വേഗത്തിൽ ഇവർക്ക് പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
