തെലങ്കാന –കേരളം അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തുടക്കം

തിരുവനന്തപുരം : 2025 ഫെബ്രുവരി 21

കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടിക്ക് തിരുവനന്തപുരത്ത് തു‌ടക്കമായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം  പ്രസ്സ് ഇൻഫർമേഷൻ  ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ  വി. പളനിച്ചാമി  ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര  സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ ശ്രീ അനിൽ കുമാർ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സന്ദീപ് കൃഷ്ണൻ പി  കൃതജ്ഞത അറിയിച്ചു.

ഈ മാസം 21 മുതൽ 25   വരെ വേളി ഗവൺമെന്റ് യൂത്ത് ഹോസ്റ്റലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ തെലങ്കാനയിലെ ഹൈദരാബാദ്, ഖമ്മം, അദിലാബാദ്, കരിംനഗർ, മഹബൂബ്നഗർ എന്നീ ജില്ലകളിൽ നിന്നായി 27  യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. ദേശീയോദ്ഗ്രഥനം  എന്ന  ആശയത്തെ   പ്രോത്സാഹിപ്പിക്കൽ, രണ്ട് സംസ്ഥാനങ്ങളുടെയും സമ്പന്നമായ പൈതൃകവും സംസ്കാരവും ആചാരങ്ങളും പാരമ്പര്യങ്ങളും മനസിലാക്കുക, ഇന്ത്യയുടെ വൈവിധ്യത്തെ  മനസ്സിലാക്കുക, ഇരു  സംസ്ഥാനങ്ങളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നെഹ്റു യുവ കേന്ദ്ര ഈ പരിപാടി സംഘടിപ്പിക്കുന്നത് .

പരിപാടിയിൽ  വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾക്ക് കേരള നിയമസഭ,  വിക്രംസാരാഭായ് സ്പേസ് സെൻ്റർ, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, കോവളം ബീച്ച്, നേപ്പിയർ മ്യൂസിയം, മൃഗശാല, പൊന്മുടി, ലുലു മാൾ, നെയ്യാർഡാം, കോട്ടൂർ ആനത്താവളം, ഗീതാഞ്ജലി ആർട്സ് & സ്പോർട്സ് ക്ലബ് തുടങ്ങിയവ സന്ദർശിക്കാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി, എം എൽ എ ആന്റണി രാജു, തുടങ്ങിയവർ വിവിധ ദിവസങ്ങളിലായുള്ള പരിപാടിയിൽ പങ്കെടുക്കും. സംഘം ഫെബ്രുവരി 25 നു  തിരിച്ചു പോകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!