ചങ്ങനാശേരി: പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ തിരിച്ചറിയണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. നീതിനിഷേധങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കുമെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചിനും അവകാശ പ്രഖ്യാപന റാലിക്കുംശേഷം എസ്ബി കോളജ് അങ്കണത്തില്‍ നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.അതിജീവനത്തിനായി ക്ലേശിക്കുമ്പോള്‍ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചാല്‍ ഉയിര്ത്തെഴുന്നേല്ക്കാന് കഴിവുള്ളവനാണ് ക്രിസ്ത്യാനിയെന്നുള്ളതിന് തെളിവാണ് ഈ നസ്രാണി മുന്നേറ്റ സംഗമമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. കേവലം സങ്കുചിതമായ കാര്യങ്ങള്‍ കാര്യങ്ങള്‍ക്കുവേണ്ടിയല്ല മറിച്ച് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്ക്കുവേണ്ടിയാണ് ക്രൈസ്തവസമൂഹം പ്രതികരിക്കുന്നതെന്നും മാര്‍ തറയില്‍ ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്കണ്ട് വോട്ടുചെയ്യുന്ന മണ്ടന്മാരല്ല, വിദ്യാഭ്യാസവും അറിവുമുള്ളവരാണ് ക്രൈസ്തവ സമുദായമെന്നും ഒരുമിച്ചുകൂടേണ്ട സാഹചര്യമുണ്ടായാല്‍ അതുണ്ടാകുമെന്നും ആര്‍ച്ച്ബിഷപ് മുന്നറിയിപ്പ് നല്കി.അന്തസായി സ്വന്തം നാട്ടില്‍ ജീവിക്കാനാഗ്രഹിക്കുന്ന ജനം പ്രവാസികളായി ജീവിക്കേണ്ടിവരുന്നതും നമ്മുടെ മിടുക്കന്മാരായ യുവാക്കള്‍ ശമ്പളത്തിനായി വിദേശികളുടെ മുമ്പില്‍ കൈനീട്ടേണ്ടിവരുന്നതും യുവാക്കള്‍ക്ക് പ്രത്യാശ നല്കുന്ന അവസ്ഥ കേരളത്തിലില്ലാത്തതുകൊണ്ടാണ്.ഈ സാഹചര്യത്തിലാണ് കുട്ടനാട്ടിലെയും മലനാട്ടിലെയും കര്‍ഷകരുടെ രക്ഷയ്ക്കായി നാം മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത ഉയരുന്നത്.നെല്ലിന് നാല്പ്പതുരൂപ താങ്ങുവില നല്‍കണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഗൗനിച്ചിട്ടില്ല. കുട്ടനാടുപോലുള്ള മനോഹരമായ പ്രദേശത്തെ തകര്‍ത്തതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഭരണാധികാരികള്‍ക്ക് മാറിനില്‍ക്കാനാവില്ല. കേരളവും കേന്ദ്രവും പരസ്പരം പഴിചാരി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ക്ക് എങ്ങനെ മാറിനില്ക്കാന് സാധിക്കും.കുട്ടനാടിനെ കുട്ടനാടാക്കി മാറ്റിയത് കേരളത്തിലെ നസ്രാണി സമൂഹമാണ്. അവിടെ അഭിമാനപൂര്‍വം ജീവിച്ച വലിയ ഒരു ജനസമൂഹം ഇന്ന് അതീവ പ്രതിസന്ധി നേരിടുകയാണ്. ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വൈകരുതെന്നും ദളിത് ക്രൈസ്തവരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.എയ്ഡഡ് സ്കൂളുകളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക നിലപാടുകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ ആയിരക്കണക്കിനു നിയമനങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നത് ശരിയല്ലെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.കാര്‍ഷികമേഖലയോടുള്ള സര്‍ക്കാരിന്റെ നിസംഗനിലപാട് പ്രതിഷേധാര്‍ഹം: മാര്‍ പെരുന്തോട്ടംചങ്ങനാശേരി: കാര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിസംഗ നിലപാട് നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ എസ്ബി കോളജ് അങ്കണത്തില്‍ നടന്ന മഹാസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്.കര്‍ഷകര്‍ നിര്‍വഹിക്കുന്നത് ശ്രേഷ്ഠവും പരിപാവനവും നാടിനു ഭക്ഷണം നല്‍കുന്നതുമായ ജോലിയാണ്. കാര്‍ഷിക മേഖലയെ അവഗണിച്ചാല്‍ ഒരു ജനതയും നാടും ഇല്ലാതാകും.നെല്‍കൃഷിയിലെ വരുമാനംകൊണ്ട് കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍പറ്റാത്ത സാഹചര്യമാണിന്നുള്ളത്. കുട്ടനാടിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടതായ സമഗ്ര പദ്ധതികള്‍ ആവിഷ്കരിക്കണം. എങ്കില്‍മാത്രമേ ആത്മാഭിമാനത്തോടെ കര്‍ഷകര്‍ക്ക് ജീവിക്കാനും യുവതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിയുകയുള്ളൂ.ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു
