പിഎംജിഎസ് വൈ പദ്ധതിയിൽ
140 ഗ്രാമീണ റോഡുകൾക്ക് അനുമതി- ആന്റോ ആന്റണി എംപി.

പത്തനംതിട്ട:കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ 140 റോഡുകൾക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. നിലവിൽ റോഡുകൾ ഇല്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും നിലനിൽക്കുന്ന വിധത്തിൽ പുതുതായി റോഡുകൾ വെട്ടി ദേശീയ നിലവാരത്തിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകിയിരുന്നത്. 250ൽ അധികം റോഡുകൾ സമർപ്പിച്ചിരുന്നുവെങ്കിലും മൺപാതകൾ മാത്രമാണ് നാലാം ഘട്ടത്തിൽ പരിഗണിച്ചിട്ടുള്ളത്. ഈ റോഡുകൾ ജില്ലയിലെ പിഎംജിഎസ് വൈ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ച് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്ത് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ 80 റോഡുകൾക്കും, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നീ അസംബ്ലി മണ്ഡലങ്ങളിലെ 60 റോഡുകൾക്കുമാണ് പദ്ധതിയിൽ അനുമതി ലഭിച്ചതെന്നും എംപി പറഞ്ഞു. 6 മീറ്റർ വീതിയും കുറഞ്ഞത് 500 മീറ്റർ മുതൽ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പ്രാഥമിക പരിശോധനകൾക്ക് ശേഷം പട്ടികയിൽ ഇടം പിടിച്ചത്. 5 വർഷമാണ് ഈ പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ ഈ റോഡുകളിൽ നിന്നും 10 ശതമാനം റോഡുകളുടെ നിർമ്മാണം ഉടൻതന്നെ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടംഘട്ടമായി നടപ്പിലാക്കും. ഈ റോഡുകൾ പൂർത്തീകരിക്കുന്നതോടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമീണ മേഖലയുടെ വികസനക്കുതിപ്പിന് ഇതൊരു നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!