നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല; ഭാര്യയുടെ ഹർജി തള്ളി

കണ്ണൂർ : എ ഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് തള്ളി. കൊലപാതക സാദ്ധ്യതയെന്ന് തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി.ഭരണതലത്തിലടക്കം അവർക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. ഇക്കാര്യത്തിൽ നീതിപൂർവമായ അന്വേഷണമാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ല. നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം വേണം എന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. കൊലപാതകമാണെന്ന സംശയവും കുടുംബം ഉന്നയിച്ചിരുന്നു.പ്രത്യേക അന്വേഷണ സംഘം തന്നെ കേസ് അന്വേഷിച്ചാൽ മതിയെന്ന് കോടതി നിർദേശം നൽകി. കൊലപാതകമാണെന്ന കുടുംബത്തിന്റെ ആശങ്കയടക്കം പരിശോധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് നിലവിലെ അന്വേഷണം തന്നെ തുടരട്ടെയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.സി പി എം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ല. ഈ സാഹചര്യത്തിൽ സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. കണ്ണൂർ പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ലെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!