എരുമേലി: സ്ഥാപനത്തിന്റെ പേരും അംഗീകൃത ലേബലും ഇല്ലാതെ ശബരിമല തീർഥാടകർക്ക് സോഡാ വിതരണം ചെയ്തെന്ന പരാതിയിൽ കണമലയിലെ സോഡാ നിർമാണ സ്ഥാപനം അടച്ചു പൂട്ടിച്ച് ആരോഗ്യ വകുപ്പ്. പമ്പാവാലി മേഖലയിൽ സോഡാ വിതരണം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് നടപടി.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാതെയും ഹെൽത്ത് കാർഡ് ഇല്ലാതെയും എരുമേലി ടൗണിൽ പ്രവർത്തിച്ചിരുന്ന രണ്ട് താത്ക്കാലിക ഹോട്ടലുകൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചിരുന്നു. തുടർന്ന് രണ്ട് ഹോട്ടലുകളും ശുചീകരണം നടത്തുകയും ഹെൽത്ത് കാർഡ് എടുത്ത് ആരോഗ്യ വകുപ്പിൽ അറിയിച്ചതോടെ ഹോട്ടലുകൾ തുറക്കാൻ അനുമതി ലഭിക്കുകയുമായിരുന്നു.എരുമേലി ടൗൺ, പേരൂർത്തോട്, കണമല, കാളകെട്ടി, മുക്കൂട്ടുതറ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ ശുചിത്വ സംവിധാനങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി.ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിഷ മോൾ, ജിതിൻ, ആഷ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.