ഗ്രീൻഫീൽഡ് റോഡ്:  160 പേർക്കുള്ള പണം ജനുവരി 15 നുള്ളിൽ വിതരണം ചെയ്യും

-സർവീസ് റോഡുകൾക്ക് വീതി കുറവുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറുംകോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് റോഡിനായി സ്ഥലം വിട്ടുതന്നവരിൽ പുതിയ ബിവിആർ (ബേസിക് വാലുവേഷൻ റിപ്പോർട്ട്‌) അനുസരിച്ച് 160 പേർക്കുള്ള പണം ജനുവരി 15 നുള്ളിൽ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ (എൽഎ-എൻഎച്ച്) ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.  ഇതുസംബന്ധിച്ച് പി ടി എ റഹീം എംഎൽഎയുടെ ചോദ്യത്തിന് മറുപടി ആയാണ് ഇക്കാര്യം പറഞ്ഞത്.പഴയ ബിവിആർ അനുസരിച്ച് 320 പേർക്ക് പണം നൽകിയിട്ടുണ്ട്.  പുതിയ ബിവിആർ പ്രകാരം ഇതുവരെ 115 പേർക്കും തുക നൽകി.പുതിയ ബിവിആർ പ്രകാരം 160 പേർക്കുകൂടി ജനുവരി 15 നുള്ളിൽ തുക വിതരണം ചെയ്യും.  ദേശീയപാത-66 ആറുവരി പാതയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡുകൾക്ക് വീതിയില്ലാത്ത പ്രശ്നം എംഎൽഎമാരായ ഇ കെ വിജയൻ, കെ കെ രമ, കാനത്തിൽ ജമീല എന്നിവർ ഉന്നയിച്ചു.  പലയിടങ്ങളിലും സർവീസ് റോഡുകൾക്ക് വീതി കുറവായതിനാൽ ഗതാഗത സ്തംഭനം രൂക്ഷമാണ്.സർവീസ് റോഡുകൾക്ക് വീതി കുറവുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി പ്രത്യേകം ചർച്ച ചെയ്യുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മറുപടി നൽകി. ഭൂമി തരം മാറ്റലിന് ഒരുപാട് സമയം എടുക്കുന്നതിനാൽ ലോൺ എടുക്കേണ്ടവർ ബുദ്ധിമുട്ടിലാണെന്ന് കൊയിലാണ്ടി എംഎൽഎ ഉന്നയിച്ചു.  തരംമാറ്റം കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽകൂടുതൽ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇപ്പോൾ പ്രവൃത്തിയുടെ വേഗം കൂടിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.പുതുപ്പാടി പഞ്ചായത്തിലെ നാക്കിലമ്പാട് ആദിവാസി സങ്കേതത്തിലെ കുട്ടികൾ സ്കൂളിൽ പോകാത്ത പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് ലിന്റോ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കുട്ടികളെ എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്‌റ്റലിൽ ചേർക്കാൻ ഒരുപാട് ശ്രമിച്ചതാണെന്നും എന്നാൽ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ജില്ലാ പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു. കുട്ടികളെ അടുത്തുള്ള സ്കൂളിൽ വിടാൻ വാഹന സൗകര്യം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഈ സങ്കേതത്തിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്  പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ മറുപടി പറഞ്ഞു.  ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ നിന്ന് ഡിസംബർ മുതൽ ഹരിതകർമസേന മാലിന്യം എടുത്തു തുടങ്ങുമെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അജൈവ മാലിന്യം എടുത്തു തുടങ്ങിയിട്ടുണ്ട്.കൂരാച്ചുണ്ട് വില്ലേജിലെ കക്കയത്ത് വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പട്ടയവും ആധാരവുമുള്ള ഭൂമിയിൽ പോലുംആളുകൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്ന് കെ എൻ സച്ചിൻദേവ് എംഎൽഎ ചൂണ്ടിക്കാട്ടി. ഇവിടെ സർവേ നടത്തണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.  ഇക്കാര്യം സ്ഥലം സന്ദർശിച്ചശേഷം ഔദ്യോഗികമായി അറിയിക്കാമെന്ന് ഡിഎഫ്ഒ അറിയിച്ചു.വടകര ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.കാവിലുംപാറ വില്ലേജ് പരിധിയിൽ ഭൂമിക്ക് വില നിശ്ചയിക്കാത്തതിനാൽ ഭൂമി കൈമാറ്റം നടക്കാത്ത വിഷയം ഇ കെ വിജയൻ എംഎൽഎ ഉന്നയിച്ചു. കാവിലുംപാറ വില്ലേജിൽ ന്യായവില നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും റീസർവ്വേ നടത്തേണ്ടതുണ്ടെന്നും വടകര ആർഡിഒ മറുപടി നൽകി. ഇതിനായി ജനുവരിയിൽ പ്രത്യേക ഡ്രൈവ് നടത്തും.  മണ്ണും മരവും നിറഞ്ഞു ശോച്യാവസ്ഥയിലായ വാണിമേൽ പുഴ ശുചീകരിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന്റെ രണ്ട് കോടി രൂപയുടെ പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ 49 ലക്ഷം രൂപയുടെ പദ്ധതിയുമുണ്ട്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം കൂടി ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  ജില്ലാ വികസന സമിതി ചെയർമാനായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായതോട്ടത്തിൽ രവീന്ദ്രൻ,  ഇ കെ വിജയൻ, പിടിഎ റഹീം, കെ കെ രമ, കാനത്തിൽ ജമീല, ലിന്റോ ജോസഫ്, കെ എൻ സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്,  എഡിഎം എൻ എം മെഹറലി, അസി. കലക്ടർ ആയുഷ് ഗോയൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!