വായുമലിനീകരണം അതിരൂക്ഷം;ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട്, സ്‌കൂളുകള്‍ ഓണ്‍ലൈനാക്കി

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ( ജി.ആര്‍.എ.പി) നാല്അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. കഴിഞ്ഞ ദിവസം വരെ ജി.ആര്‍.എ.പി മൂന്ന് അനുസരിച്ചുള്ള നിയന്ത്രണങ്ങളായിരുന്നു ഉണ്ടായിരുന്നത്.ഡല്‍ഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കുയര്‍ന്നതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്. രാവിലെ ആറുമണിക്ക് ഡല്‍ഹിയിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാര സൂചിക 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് കൂടുതല്‍ കര്‍ശന നടപടികളെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്‌.

ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തവ ഉള്‍പ്പെടെ ബിഎസ് -4 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങളെയും ഇനി നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കുകള്‍, ലഘു വാണിജ്യ വാഹനങ്ങള്‍ എന്നിവയേയും ഡല്‍ഹി തലസ്ഥാന മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇളവനുവദിക്കു.

എല്ലാ ക്ലാസുകളിലും പഠനം ഓണ്‍ലൈനിലേക്ക് മാറ്റണമെന്നതാണ് നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതില്‍ 10, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഓഫ്‌ലൈന്‍ ക്ലാസുകളുണ്ടാകുക. ഇതിന് പുറമെ എല്ലാ പൊതു- സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി കുറയ്ക്കും. ഒരുദിവസം പാതി ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവു എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ആയി ജോലി ചെയ്യണം.ഇതിന് പുറമെ സംസ്ഥാനത്തെ അത്യാവശ്യമല്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളെക്കൂടി അനിശ്ചിത കാലത്തേക്ക് അടച്ചിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കെജ്‌രിവാളിന്റെ കാലത്ത് നടപ്പിലാക്കിയിരുന്ന ഒറ്റ- ഇരട്ട വാഹന നയവും തിരികെകൊണ്ടുവന്നേക്കുമെന്നാണ് കരുതുന്നത്. ആറുദിവസമായി തുടര്‍ച്ചയായി കനത്ത പുകമഞ്ഞിന്റെ വലയമാണ് ഡല്‍ഹിയിലാകെ. കാഴ്ചപരിധി 150 മീറ്ററായി കുറഞ്ഞു. പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!